SHARE

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ മധ്യനിര നിരാശപ്പെടുത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 132-5 റണ്‍സ് നേടി. 45 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. സണ്‍റൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ പത്ത് ഓവറില്‍ 80 റണ്‍സുണ്ടായിരുന്നു ചെന്നൈ സ്‌കോര്‍ ബോര്‍ഡില്‍. പിന്നീട് 52 റണ്‍സ് കൂടി സ്‌കോറിനോട് ചേര്‍ക്കാനേ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളൂ. ധോണിയ്ക്ക് പകരം നായകസ്ഥാനത്ത് എത്തിയ സുരേഷ് റെയ്‌ന ടോസ് നേടിയപ്പോള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും ഡുപ്ലെസിസും റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. പിന്നീട് താളം കണ്ടെത്തിയ ഇരുവരും ചേര്‍ന്ന് ചെന്നൈയ്ക്ക് മികച്ച അടിത്തറയാണ് നല്‍കിയത്.

-Advertisement-

31 റണ്‍സെടുത്ത വാട്‌സണും 45 റണ്‍സെടുത്ത ഡുപ്ലെസിസും പുറത്തായതോടെ സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ ശക്തമായി തിരിച്ചു വന്നു. സുരേഷ് റെയ്‌ന (13), കേദാര്‍ ജാദവ് (1) എന്നിവരെ ഒരു ഓവറില്‍ റാഷിദ് ഖാന്‍ പുറത്താക്കി. അക്കൗണ്ട് തുറക്കും മുമ്പ് സാം ബില്ലിംഗ്‌സിനെ ഖലീല്‍ അഹമ്മദും മടക്കി. 21 പന്തില്‍ 25 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവും 10 റണ്‍സെടുത്ത ജഡേജയും ചേര്‍ന്നാണ് സ്‌കോര്‍ 130 കടത്തിയത്.