SHARE

ഐ പി എല്ലിൽ മുംബെെ ഇന്ത്യൻസിന് വീണ്ടും തോൽവി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സാണ് മുംബെെയെ പരാജയപ്പെടുത്തിയത്. ഒരു വിക്കറ്റിനാണ് ഹൈദരാബാദിൻ്റെ വിജയം. മുംബെെ ബോളിംഗ് നിരയിൽ നാലു വിക്കറ്റുകളെടുത്ത് യുവ സ്പിന്നർ മായങ്ക് മർക്കണ്ഡേ കരുത്ത് കാട്ടി. എന്നാൽ ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിൻ്റെ ബലത്തിൽ സൺറൈസേഴ്സ് വിജയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശക്തമായ തിരിച്ചുവരവാണ് മുംബെെ നടത്തിയത് സ്കോർ: മുംബെെ 147-8 (20), സൺറൈസേഴ്സ് 148-9 (20)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണറുടെ റോളില്‍ ഇറങ്ങിയ രോഹിത് ശര്‍മ്മ രണ്ടാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. 11 റണ്‍സായിരുന്നു രോഹിത് ശര്‍മ്മ നേടിയിരുന്നത്. രോഹിത് ശര്‍മ്മ പോയെങ്കിലും മറുവശത്ത് ഇവിന്‍ ലൂയിസ് മികച്ച രീതിയിലാണ് തുടങ്ങിയത്. രണ്ടു ബൗണ്ടറികളിച്ച് ഇഷന്‍ കിഷനും പ്രതീക്ഷ നല്‍കി.

എന്നാല്‍ പവര്‍പ്ലേയുടെ അവസാന ഓവറില്‍ രണ്ടു പേരെയും മുംബൈയ്ക്ക് നഷ്ടമായി. 29 റണ്‍സെടുത്ത ലൂയിസിനെയും 9 റണ്‍സെടുത്ത ഇഷനെയും സിദ്ധാര്‍ത്ഥ് കൗളാണ് പുറത്താക്കിയത്. 17 പന്തു നീണ്ടു നിന്ന ലൂയിസിന്റെ ഇന്നിംഗ്‌സില്‍ മൂന്നു ഫോറുകളും രണ്ടു സിക്‌സുകളും പിറന്നിരുന്നു. ക്രുനാല്‍ പാണ്ഡ്യ 15 റണ്‍സെടുത്തും കീറോണ്‍ പൊള്ളാര്‍ഡ് 28 റണ്‍സെടുത്തും പുറത്തായി. 9 റണ്‍സെടുത്ത ബെന്‍ കട്ടിംഗിന്റെ വിക്കറ്റ് മനോഹരമായൊരു പന്തിലൂടെ റാഷിദ് ഖാന്‍ പിഴുതു.

19ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ രണ്ടു വിക്കറ്റുകളെടുത്ത് സന്ദീപ് ശര്‍മ്മയും മുംബൈയെ ഞെട്ടിച്ചു. 28 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും റണ്ണൊന്നുമെടുക്കാത്ത പ്രദീപ് സാംഗ്‌വാനുമാണ് സന്ദീപ് ശര്‍മ്മക്ക് മുന്നില്‍ വീണത്. 6 റണ്‍സെടുത്ത മായങ്ക് മര്‍ക്കണ്ഡേയും 4 റണ്‍സെടുത്ത ജസ്പ്രീത് ബുംറയും പുറത്താവാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി സിദ്ധാർത്ഥ് കൌളും സന്ദീപ് ശർമ്മയും ബില്ലി സ്റ്റാൻലെയ്ക്കും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ബൗണ്ടറികളടിച്ച് ശിഖര്‍ ധവാന്‍ ഫോം തുടര്‍ന്നപ്പോള്‍ സാഹ പതുക്കെയാണ് കളിച്ചത്. എന്നാല്‍ ഏഴാമത്തെ ഓവറില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കി മായങ്ക് മര്‍ക്കണ്ഡേ സണ്‍റൈസേഴ്‌സിന് ആദ്യ തിരിച്ചടി നല്‍കി. ഡി ആര്‍ സ് റിവ്യൂ ചെയ്തതിന് ശേഷമാണ് അംപയര്‍ വിക്കറ്റ് അനുവദിച്ചത്. നായകന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് തീരുമാനിച്ചതും ഡി ആര്‍ എസ് സംവിധാനത്തിന്റെ ബലത്തിലായിരുന്നു.

മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ വില്യംസണിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷന്‍ കയ്യിലാക്കി. എന്നാല്‍ ഔട്ട് നല്‍കിയില്ല. ഇഷന്‍ കിഷന്റെ ആത്മവിശ്വാസം കണ്ട നായകന്‍ റിവ്യൂ ചെയ്യുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് കൂടിച്ചേര്‍ക്കുന്നതിനിടെ ശിഖര്‍ ധവാന്‍ മര്‍ക്കണ്ഡേയ്ക്ക് വിക്കറ്റ് നല്‍കി. 28 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 45 റണ്‍സാണ് ധവാന്‍ നേടിയത്. 11 റണ്‍സെടുത്ത മനീഷ് പാണ്ഡെയെയും 12 റണ്‍സെടുത്ത ഷാക്കിബിനെയും പുറത്താക്കി മായങ്ക് മര്‍ക്കണ്ഡേ സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ചു. 45 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്.

18ാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ടു സൺറൈസേഴ്സ് ബാറ്റ്സ്മാൻമാരെയാണ് പവലിയനിലേക്ക് അയച്ചത്. 14 റൺസെടുത്ത യൂസുഫ് പത്താനെയും റണ്ണൊന്നുമെടുക്കാത്ത റാഷിദ് ഖാനെയും അടുത്തടുത്ത പന്തുകളിലാണ് ബുംറ പുറത്താക്കിയത്. 19ാമത്തെ ഓവറിൽ മുസ്തഫിസുർ സിദ്ധാർത്ഥ് കൗളിനെ പുറത്താക്കിയതോടെ സൺറൈസേഴ്സ് 137-8 എന്ന നിലയിലായി. പന്തെറിഞ്ഞ മുസ്തഫിസുർ തന്നെയാണ് കൗളിനെ പുറത്താക്കിയ ക്യാച്ചും മനോഹരമായി കയ്യിലാക്കിയത്. അതേ ഓവറിലെ അവസാന പന്തിൽ സന്ദീപ് ശർമ്മയും പുറത്തായി. അവസാന ഓവറിൽ വിജയിക്കാൻ 11 റൺസ്. ആദ്യ പന്ത് തന്നെ ഹൂഡ സിക്സറിന് പറത്തി. അവസാന പന്തിൽ സ്റ്റാൻലെയ്ക്ക് സൺറൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചു. മുംബെെയ്ക്ക് വേണ്ടി മുസ്തഫിസുർ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളും വീഴ്ത്തി.