SHARE

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള 24 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് ശ്രീലങ്ക ക്രിക്കറ്റാണ് ടീം പ്രഖ്യാപനം നടത്തിയത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ടിൽ ശ്രീലങ്ക കളിക്കുക. ഈ മാസം 23 ന് പരമ്പര ആരംഭിക്കും‌.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ കുശാൽ പെരേരയാണ് ഏകദിനത്തിലും, ടി20 യിലും ശ്രീലങ്കയെ നയിക്കുക. സമീപകാലത്തായി ദയനീയ ഫോമിലുള്ള ശ്രീലങ്ക ശക്തരായ ഇംഗ്ലണ്ടിനെതിരെ വിജയിച്ച് ഒരു മികച്ച തിരിച്ചു വരവിനാണ് ശ്രമിക്കുക‌. ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ നിലവിൽ വളരെ താഴെയായതിനാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വിജയം നേടേണ്ടത് അവർക്ക് വളരെ അനിവാര്യവുമാണ്.

കുശാൽ പെരേരക്ക് പുറമേ നുവാൻ പ്രദീപ്, കുശാൽ മെൻഡിസ്, ധനഞ്ജയ ‌ഡിസിൽവ, ഇസുരു ഉഡാന എന്നീ സീനിയർ താരങ്ങളുമടങ്ങിയ ശ്രീലങ്കൻ നിര പേപ്പറിൽ ശക്തമാണെങ്കിലും അതിശക്തരായ ഇംഗ്ലണ്ടിനെതിരെ പിടിച്ചു നിൽക്കാൻ കഴിയുമോയെന്ന് കണ്ടറിയണം. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം ധനഞ്ജയ ലക്ഷ്മൺ, ഇഷാൻ ജയരത്നെ, ചരിത് അസലങ്ക, ഷിറാൻ ഫെർണാണ്ടോ എന്നീ‌ 4 അൺക്യാപ്പ്ഡ് കളികാരെയും ടീമിലുൾപ്പെടുത്തിയാണ് ശ്രീലങ്ക, ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ശ്രീലങ്കൻ ടീം ഇങ്ങനെ,

കുശാൽ പെരേര (ക്യാപ്റ്റൻ), കുശാൽ മെൻഡിസ്, ധനുഷ്ക ഗുണതിലക, പതും നിസാങ്ക, ആവിഷ്ക ഫെർണാണ്ടോ, ഒഷാഡ ഫെർണാണ്ടോ, അകില ധനഞ്ജയ, ദുഷ്മന്ത ചമീര, ഇസുരു ഉഡാന, ബിനുര ഫെർണാണ്ടോ, നുവാൻ പ്രദീപ്, ഷിറൻ ഫെർണാണ്ടോ, കാസൻ രജിത, ധനഞ്ജയ ‌ഡിസിൽവ, ചരിത് അസലങ്ക, നിറോഷാൻ ഡിക്ക് വെല്ല, ദസൻ ഷനക, ചാമിക കരുണരത്നെ, ധനഞ്ജയ ലക്ഷൻ, വാനിന്ദു ഹസരംഗ, രമേഷ് മെൻഡിസ്, ലക്ഷൻ സണ്ടകൻ, അസിത ഫെർണാണ്ടോ, ഇഷാൻ ജയരത്നെ.