SHARE

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശ്രീലങ്കക്ക് തിരിച്ചടി. മത്സരത്തിൽ ശ്രീലങ്ക ഓവർ നിരക്കിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ മാച്ച് റഫറി രഞ്ജൻ മദുഗുല്ലയാണ് താരങ്ങൾക്ക് പിഴശിക്ഷ നൽകാനും, ഐസിസി സൂപ്പർ ലീഗിൽ നിന്ന് ടീമിന്റെ ഒരു പോയിന്റ് കുറക്കാനും തീരുമാനിച്ചത്. രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ട് മൂന്ന് മത്സര പരമ്പര ഇന്ത്യക്ക് മുന്നിൽ അടിയറവ് വെച്ച ലങ്കക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.

20-ം തീയതി കൊളംബോയിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ നിശ്ചിത സമയത്ത് എറിഞ്ഞു തീർക്കേണ്ടതിലും ഒരോവർ കുറച്ചായിരുന്നു ശ്രീലങ്ക എറിഞ്ഞത്. ഐസിസി ചട്ടം അനുസരിച്ച് വൈകിയെറിയുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം തുകയും, ഒപ്പം ഐസിസി സൂപ്പർ ലീഗിൽ നിന്ന് ഓരോ പോയിന്റ് വീതവുമാണ് ടീമുകൾക്ക് പിഴയായി ലഭിക്കുക. അതേ സമയം ഓവർ നിരക്കിൽ വരുത്തിയ വീഴ്ച ലങ്കൻ നായകൻ ദാസുൻ ഷനക അംഗീകരിച്ചതിനാൽ‌ സംഭവത്തിൽ ഔദ്യോഗിക ഹിയറിംഗ് വേണ്ടി വന്നില്ല.