SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ക്കാണ് ശ്രീലങ്ക പരാജയപ്പെട്ടത്. ടെസ്റ്റ് പരമ്പര തൂത്തൂവാരിയ ലങ്കയുടെ ബാറ്റിംഗ് നിരയ്ക്ക് ഏകദിനത്തിൽ പിഴക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 34.3 ഓവറില്‍ 193 റണ്‍സിനാണ് ഓള്‍ ഔട്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 31 ഓവറില്‍ 5 വിക്കറ്റു നഷ്ടപ്പെടുത്തി വിജയം കയ്യിലാക്കി.

തോറ്റെങ്കിലും മത്സരത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ് ശ്രീലങ്ക. ഇന്നത്തെ മത്സരത്തിന് ലഭിച്ച മാച്ച് ഫീയുടെ 25 ശതമാനം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പഴയ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കാനുള്ള ടീമിന്റെ തീരുമാനത്തിനാണ് കയ്യടി ലഭിക്കുന്നത്. ഇന്നത്തെ മത്സരം കളിച്ച 11 താരങ്ങളും ഒറ്റക്കെട്ടായി ഈ സംരംഭത്തില്‍ പങ്കാളികളായിട്ടുണ്ട്. അര്‍ഹരായ താരങ്ങളെ കണ്ടെത്തി അവര്‍ക്ക് സഹായമെത്തിക്കാന്‍ മറ്റു സംഘടനകളും ടീമിനോട് സഹകരിക്കുന്നുണ്ട്.