SHARE

വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് ആശ്വാസവാര്‍ത്ത. അച്ഛന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം ഓള്‍ റൗണ്ടര്‍ ധനഞ്ജയ ഡി സില്‍വ ടീമിനൊപ്പം ചേര്‍ന്നു. പര്യടനത്തിന് വേണ്ടി പുറപ്പെടുന്നതിന് മുമ്പാണ് താരത്തിന്റെ അച്ഛനും പ്രാദേശിക രാഷ്ട്രീയ നേതാവുമായ രഞ്ജന്‍ ഡി സില്‍വ വെടിയേറ്റ് മരിച്ചത്. അതോടെ താരം ടീമിനൊപ്പം പോവാതെ നാട്ടില്‍ നില്‍ക്കുകയായിരുന്നു.

ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം താരം വെസ്റ്റിന്‍ഡീസിലേക്ക് തിരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് മാധ്യമങ്ങളെ അറിയിച്ചത്. ജൂണ്‍ 6 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ മൂന്നു ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്ക കളിക്കുന്നത്. പരമ്പരക്ക് മുന്നോടിയായി വിന്‍ഡീസ് ക്രിക്കറ്ര് ബോര്‍ഡ് പ്രസിഡന്റ് ഇലവനുമായി നടന്ന ത്രിദിന സന്നാഹമത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. കൈവിരലിന് പരുക്കേറ്റ ഓപ്പണര്‍ ദിമുത് കരുണരത്‌നെ ടീമിനൊപ്പമില്ല. കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് കരുണരത്‌നെക്ക് പരുക്കേറ്റത്.