SHARE

എം.എസ്. ധോണി വിരമിച്ചശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കാക്കാനെത്തിയത് നാലുപേര്‍. വൃദ്ധിമാന്‍ സാഹ, പാര്‍ഥിവ് പട്ടേല്‍, ദിനേഷ് കാര്‍ത്തിക്, ഒടുവില്‍ റിഷാഭ് പന്തും. ഈ നാലുപേര്‍ക്കും ബാറ്റിംഗിലും കീപ്പിംഗിലും ഒരുപോലെ തിളങ്ങാനായിട്ടില്ല. പന്ത് ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ബാറ്റുകൊണ്ട് തിളങ്ങിയെങ്കിലും വിക്കറ്റിന് പിന്നില്‍ പരാജയമായിരുന്നു. ആരായിരിക്കും ധോണിയുടെ പിന്‍ഗാമിയെന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ആരും ശ്രദ്ധിക്കാത്തൊരു പേരുണ്ട്; ശ്രീകര്‍ ഭരത്!

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതില്‍ ഒരുപങ്ക് ഈ ഇരുപത്തിനാലുകാരനുമുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം. അതേ, ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്കുള്ള മത്സരം മുറുകുകയാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഭരതിനെ ഉള്‍പ്പെടുത്തണമെന്ന് വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

2013ല്‍ കേരളത്തിനെതിരേ ഫസ്റ്റ് ക്ലാസില്‍ അരങ്ങേറിയ ഭരതിന്റെ റിക്കാര്‍ഡ് ബുക്ക് അത്ര മോശമല്ല. 53 മത്സരങ്ങളില്‍ 3023 റണ്‍സ്. അതും 35.98 ശരാശരിയില്‍. ഉയര്‍ന്ന സ്‌കോര്‍ 308. ടെസ്റ്റില്‍ ക്ഷമയോടെ ബാറ്റുവീശുന്ന താരമാണ് ഭരത്. പന്തിന്റെ നേരെ എതിര്‍ രീതി. അടുത്തു തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഈ അന്ധ്രപ്രദേശ് സ്വദേശി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.