SHARE

സ്കോട്ലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയത് 322/8 എന്ന മികച്ച സ്കോർ. മുൻ നിര ബാറ്റ്സ്മാന്മാരുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ലങ്കയ്ക്ക് മത്സരത്തിൽ തകർപ്പൻ സ്കോർ സമ്മാനിച്ചത്. ശ്രീലങ്കൻ മുൻ നിരയിൽ ബാറ്റിംഗിനിറങ്ങിയ ആദ്യ മൂന്ന് താരങ്ങളും അർധ സെഞ്ചുറികൾ നേടി.

എഡിൻബർഗിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ സ്കോട്ലൻഡ്, ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാരായ ആവിഷ്ക ഫെർണാണ്ടോയും, ദിമുത് കരുണരത്നെയും ചേർന്ന് 123 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്.‌ 78 പന്തുകളിൽ 5 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 74 റൺസെടുത്ത ആവിഷ്ക ഫെർണാണ്ടോയാണ് ആദ്യം പുറത്തായത്.

പിന്നാലെ വന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ മെൻഡിസും തകർത്തടിച്ചതോടെ ശ്രീലങ്കൻ സ്കോർ കുതിച്ചുകയറി. നായകൻ ദിമുത് കരുണരത്നെ 77 റൺസെടുത്തപ്പോൾ, കുശാൽ മെൻഡിസ് 66 റൺസടിച്ചു. അവസാന ഓവറുകളിൽ 44 റൺസെടുത്ത് പുറത്താകാതെ‌ നിന്ന ലാഹിരു തിരിമാനെയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.