SHARE

അടുത്ത വർഷം ഇന്ത്യയിൽ, ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ശ്രീലങ്കയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് വ്യാപനത്തിന് കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ പരമ്പര മറ്റൊരു രാജ്യത്തേക്ക് മാറ്റാൻ ബിസിസിഐ പദ്ധതിയിടുന്നത്.

അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് അടുത്ത വർഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ത്യയിൽ വെച്ച് നടക്കേണ്ടത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന് അടുത്ത വർഷവും കുറവ് വന്നില്ലെങ്കിൽ പരമ്പര ഉപേക്ഷിക്കുന്നതിനോ നീട്ടി വെക്കുന്നതിനോ പകരം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതാണ് നല്ലതെ‌‌ന്ന് ബിസിസിഐയ്ക്കുള്ളിൽ സംസാരമുണ്ടായതായും, തുടർന്ന് കോവിഡിൽ നിന്ന് മുക്തമായി വരുന്ന ശ്രീലങ്കയെ വേദിയാക്കാനുള്ള തീരുമാനത്തിലേക്ക് ബോർഡ് എത്തിയതുമായാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയോ, ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡോ വ്യക്തത വരുത്തിയിട്ടില്ല.

നേരത്തെ ഈ വർഷത്തെ ഇന്ത്യ‌‌ൻ പ്രീമിയർ ലീഗിന് വേദിയാവാനും ശ്രീല‌ങ്ക‌ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഐപിഎൽ വേദിയാവാനുള്ള നറുക്ക് അവസാനം യു എ ഇ യ്ക്ക് വീഴുകയായിരുന്നു.