ഈ മാസം രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കാൻ പാകിസ്ഥാനിലെത്തുന്ന ശ്രീലങ്കൻ ടീമിന് ലഭിക്കുക വിവിഐപി സുരക്ഷ. പാകിസ്ഥാനിൽ വിമാനം ഇറങ്ങുന്നത് മുതൽ തിരിച്ച് പോകുന്നത് വരെ അതിശക്തമായ വിവിഐപി സുരക്ഷയാണ് അവർക്ക് നൽകുകയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് സ്ഥിരീകരിച്ചത്. 2009 ൽ ലങ്കൻ താരങ്ങൾക്കെതിരെ ഭീകരാക്രമണം ഉണ്ടായതിന് ശേഷം പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കാനെത്തുന്ന ആദ്യ രാജ്യമാണ് ശ്രീലങ്ക.
ഡിസംബർ 11 മുതൽ 15 വരെ റാവൽ പിണ്ടിയിലും, ഡിസംബർ 19 മുതൽ 23 വരെ കറാച്ചിയിലുമാണ് പരമ്പരയിലെ മത്സരങ്ങൾ നടക്കുക. ഇസ്ലാമാബാദ് ടെറിറ്ററി പോലീസാണ് അതിശക്തമായ വിവിഐപി സുരക്ഷയുമായി ലങ്കൻ ടീമിനൊപ്പം പരമ്പരയിലുടനീളം ഉണ്ടാവുക. ലങ്കൻ ടീമിന് ചുറ്റും എല്ലായ്പ്പോളും കമാൻഡോസിനെ വിന്യസിക്കാനും പാക് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ ടെസ്റ്റ് നടക്കാനിരിക്കുന്ന റാവൽ പിണ്ടിയിൽ ഈ മാസം 7 മുതൽ 15 വരെ അധികൃതർ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ റാവൽ പിണ്ടി ഫുഡ് സ്ട്രീറ്റ്, ആർട്സ് കൗൺസിൽ, സ്പോർട്സ് കോമ്പ്ലക്സ്, സ്റ്റേഡിയം റോഡ് എന്നിവ അടച്ചിടും. ടെസ്റ്റ് മത്സരം നടക്കുന്ന ദിവസങ്ങളിൽ ഇവിടുത്തെ ഓഫീസുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകളും അവധിയായിരിക്കും. ട്രാഫിക്ക് തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം. ചുരുക്കി പറഞ്ഞാൽ ടെസ്റ്റ് പരമ്പര നടക്കുന്ന നഗരങ്ങൾ മത്സര ദിവസങ്ങളിൽ വിജനമാകും.