SHARE

ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ കരുത്തരായ ശ്രീലങ്ക പുറത്ത്. നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനോടേറ്റ മൂന്നുവിക്കറ്റ് തോല്‍വിയാണ് ലങ്കന്‍ ക്രിക്കറ്റിന് മറ്റൊരു തിരിച്ചടി കൂടി സമ്മാനിച്ചത്. ഗ്രൂപ്പ് ബിയില്‍ പാപ്പുവന്യൂഗിനിയെ പടുകൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ട് ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലേക്ക് മുന്നേറി. 311 റണ്‍സിനാണ് ഓസ്‌ട്രേലിയന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കള്‍ എട്ടിന് 370 റണ്‍സെടുത്തപ്പോള്‍ പാപ്പുവ ന്യൂഗിനി വെറും 59 റണ്‍സിന് പുറത്തായി.

ഓസ്‌ട്രേലിയന്‍ നിരയില്‍ ഓപ്പണര്‍ മക്‌സീനി 111 പന്തില്‍ 156 റണ്‍സെടുത്ത് തിളങ്ങി. 18 ഫോറും നാലു സിക്‌സറും ഇന്നിംഗ്‌സില്‍ പിറന്നു. ക്യാപ്റ്റന്‍ ജെ. സംഗ (88), പരം ഉപ്പല്‍ (61) എന്നിവരും മികച്ച പിന്തുണ നല്കി. മറുപടി ബാറ്റിംഗില്‍ പാപ്പുവന്യൂഗിനിയെ തകര്‍ത്തത് 6.5 ഓവറില്‍ 15 റണ്‍സിന് 7 വിക്കറ്റെടുത്ത ജാസണ്‍ റാല്‍സ്റ്റണ്‍ ആണ്. ഇതോടെ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയ്‌ക്കൊപ്പം ഓസീസും ക്വാര്‍ട്ടറിലെത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ഓസീസ് തോറ്റിരുന്നു.

പാക്കിസ്ഥാനെതിരേ ഗ്രൂപ്പ് ഡിയില്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ 48.2 ഓവറില്‍ 188 റണ്‍സിന് പുറത്തായി. 53 റണ്‍സെടുത്ത ജെ.കെ. ഡാനിയേല്‍ മാത്രമാണ് പൊരുതിയത്. പാക് മറുപടിയും തകര്‍ച്ചയോടെ ആയിരുന്നു. എന്നാല്‍ 59 റണ്‍സെടുത്ത അലി അസിഫിന്റെ പ്രകടനം അവരെ കരകയറ്റി. ആദ്യ മത്സരങ്ങളില്‍ ഇരുടീമും അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു. അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പില്‍ നിന്ന് നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.