SHARE

ഈ മാസം അവസാനം വെസ്റ്റിന്‍ഡീസ് പര്യടനം ആരംഭിക്കുന്ന ശ്രീലങ്കന്‍ ടീമിന് തിരിച്ചടിയായി ഓപ്പണര്‍ ദിമുത് കരുണരത്‌നെയുടെ പരുക്ക്. കരുണരത്‌നെ വിന്‍ഡീസ് പര്യടത്തിന് ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഈ മാസം തുടക്കത്തിലാണ് പരിശീലനത്തിനിടെ താരത്തിന് കൈവിരലിന് പരുക്കേറ്റത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് വൈകീട്ടാണ് പര്യടനത്തിനുള്ള 17 അംഗ ടീമിനെ തെരഞ്ഞെടുത്തത്.

ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ മഹേല ഉദവാട്ടേയാണ് ടീമിലെ പുതുമുഖം. കരുണരത്‌നെക്ക് പരുക്കേറ്റ സാഹചര്യത്തില്‍ കുശാല്‍ പെരേര ടീമിലെത്തിയിട്ടുണ്ട്. 2016 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് കുശാല്‍ പെരേര അവസാനമായി ടെസ്റ്റ് കളിച്ചത്. ജെഫറി വന്‍ദേഴ്‌സെയ്, കസുന്‍ രജിത, അസിത് ഫെര്‍ണാണ്ടോ തുടങ്ങിയവരും ടീമിലുണ്ട്. അതേ സമയം, ധനുഷ്‌ക ഗുണതിലകെ, ദുഷ്മന്ത ചമീര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല.

സൂപ്പര്‍ താരങ്ങളായ എയ്ഞ്ചലോ മാത്യൂസൂം സുരംഗ ലക്മലും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും അവര്‍ കളിക്കുന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നുമായിട്ടില്ല. പൂര്‍ണ്ണമായും ഫിറ്റ്‌നസ് വീണ്ടെടുത്താലേ ഇവര്‍ക്ക് കളിക്കാനാവൂ. മെയ് 30ന് വെസിറ്റിൻഡീസിനെതിരെ നടക്കുന്ന മൂന്നുദിന വാം അപ്പ് മാച്ചോടെയാണ് പര്യടനം തുടങ്ങുന്നത്. ജൂൺ 27 വരെ നീണ്ടു നിൽക്കുന്ന പര്യടനത്തിൽ മൂന്നു ടെസ്റ്റ് മത്സരങ്ങളാണ് വിൻഡീസും ശ്രീലങ്കയും തമ്മിൽ നടക്കുക.

വീന്‍ഡീസ് പര്യടനത്തിനുള്ള ടീം: ദിനേഷ് ചണ്ഡിമല്‍, മഹേല ഉദവാട്ടേ, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, റോഷന്‍ സില്‍വ, എയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്കെവാല, രംഗന ഹെരാത്ത്, ദില്‍റുവാന്‍ പെരേര, അകില ധനഞ്ജയ, ജെഫറി വന്‍ദേഴ്‌സെയ്, ലഹിരു ഗമേജ്, കസുന്‍ രജിത, സുരംഗ ലക്മല്‍, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ