SHARE

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഓസ്‌ട്രേലിയന്‍ ആധിപത്യം. ലങ്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 144 റണ്‍സില്‍ പുറത്താക്കിയ ആതിഥേയര്‍ കളി അവസാനിക്കുമ്പോള്‍ രണ്ടുവിക്കറ്റിന് 72 റണ്‍സെന്ന നിലയിലാണ്. വെറും 72 റണ്‍സ് മാത്രം പിന്നില്‍. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്നത് ഡേ-നൈറ്റ് ടെസ്റ്റാണ്. മാര്‍ക്കസ് ഹാരിസ് (40), നാഥന്‍ ലയോണ്‍ (പൂജ്യം) എന്നിവരാണ് ക്രീസില്‍.

ആദ്യം ബാറ്റുചെയ്ത ലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ദിമിതു കരുണരത്‌നയും (24), ലഹിരു തിരിമാനെയും (12) ചേര്‍ന്ന് 26 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദിനേഷ് ചണ്ഡിമല്‍ (5), കുശാല്‍ മെന്‍ഡിസ് (14), റോഷന്‍ സില്‍വ (9) എന്നിവര്‍ വന്നവഴിയെ മടങ്ങി. മധ്യനിരയില്‍ നിരോഷന്‍ ദിക്‌വാല മാത്രമാണ് ഉത്തരവാദിത്വം കാണിച്ചത്.

78 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം താരം 64 റണ്‍സെടുത്തു. പാറ്റ് കമ്മിന്‍സ് നാലും ജേ റിച്ചാര്‍ഡ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ മികച്ച റണ്‍റേറ്റിലാണ് ഓസീസ് ബാറ്റുവീശുന്നത്. ജോ ബര്‍ണസ് (15), ഉസ്മാന്‍ ഖവാജ (11) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.