SHARE

ശ്രീലങ്കയുടെ ടെസ്റ്റ് നായകന്‍ ദിമിതു കരുണരത്‌നെ അറസ്റ്റില്‍. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ കൊളംബോയിലാണ് താരം അറസ്റ്റിലായത്. കരുണരത്‌നെയുടെ വാഹനം ഓട്ടോറിക്ഷയെ ഇടിക്കുകയും ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരം മദ്യപിച്ചതായി കണ്ടെത്തിയത്. ലോകകപ്പില്‍ ലങ്കയെ നയിക്കുമെന്ന് കരുതപ്പെടുന്ന താരമാണ് കരുണരത്‌നെ.

അറസ്റ്റു ചെയ്‌തെങ്കിലും കരുണരത്‌നയ്ക്കു ജാമ്യം ലഭിച്ചു. താരത്തെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. സംഭവത്തെക്കുറിച്ച് കരുണരത്‌നെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ താരത്തിനെതിരെ നടപടിയെടുക്കുമെന്നും പത്രക്കുറിപ്പില്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പ്രശ്‌നങ്ങളില്‍ ഉഴലുന്ന ലങ്കന്‍ ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ് ഈ സംഭവം.