SHARE

ശ്രീലങ്കന്‍ താരങ്ങള്‍ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം ഇന്ത്യയാണെന്നാരോപിച്ച പാകിസ്ഥാന്‍ മന്ത്രിക്ക് മറുപടിയുമായി ശ്രീലങ്കന്‍ കായിക മന്ത്രി. ശ്രീലങ്കന്‍ കായിക മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോയാണ് പാകിസ്ഥാനു ചുട്ട മറുപടി നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും ആണെന്ന് ഹാരിന്‍ ഫെര്‍ണാണ്ടോ അടിവരയിട്ടു പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാകിസ്ഥാനില്‍ കളിക്കാതിരിക്കാനുള്ള ശ്രീലങ്കന്‍ താരങ്ങളുടെ തീരുമാനത്തിനു പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ശരിയല്ല. പാകിസ്ഥാനിലേയ്ക്കില്ല എന്ന തീരുമാനത്തിനു കാരണം 2009 ല്‍ ടീമിന്റെ ബസിനു നേരെ നടന്ന ആക്രമണമമാണ്. പാകിസ്ഥാനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാവനാവും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പാക് പര്യടനത്തിനു പേയാല്‍ ഐപിഎല്‍ കരാര്‍ നല്‍കില്ലെന്ന ബിസിസിഐ യുടെ ഭീഷണിയെ തുടര്‍ന്നാണ് ശ്രീലങ്കന്‍ താരങ്ങള്‍ പാക് പര്യടനം ഉപേക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം പാക് മന്ത്രി ഹവദ് ഹുസൈന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ വിശദീകരണത്തോടെ പാകിസ്ഥാന്റെ ആരോപണങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.