തങ്ങളുടെ അടുത്ത രണ്ടു ഹോംമത്സരങ്ങളുടെ വേദി മാറ്റുകയോ മത്സരം മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന റിയല്‍ കാശ്മീര്‍ എഫ്സിയുടെ ആവശ്യത്തിന് ഐലീഗ് ഗവേണിംഗ് ബോഡി അംഗീകാരം നല്‍കിയില്ല. കാശ്മീര്‍ താഴ്വരയില് രാഷ്ട്രീയ, സാമൂഹിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെയാണ് റിയല്‍ കാശ്മീര്‍ ആവശ്യവുമായി രംഗത്തെത്തിയത്. ഡിസംബര്‍ 5, 11 തിയതികളിലെ മത്സരങ്ങള്‍ക്കായിരുന്നു ടീം മാറ്റം ആവശ്യപ്പെട്ടത്.
ജമ്മു കാശ്മീര്‍ ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് ഐലീഗ് അധികൃതര്‍ മത്സരം മാറ്റേണ്ടെന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. മത്സരത്തിന് ആവശ്യമായ സുരക്ഷ നല്കാന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് റിയല്‍ കാശ്മീരിന്റെ ആവശ്യം തള്ളിയത്.
ഐസ്വാള്‍ എഫ്സി, ഷില്ലോംഗ് ലജോംഗ് ടീമുകള്‍ക്കെതിരേയാണ് റിയല്‍ കാശ്മീരിന്റെ അടുത്ത ഹോംമത്സരങ്ങള്‍. കാശ്മീരില്‍ മഞ്ഞുകാലം ആരംഭിക്കുന്നതും മത്സരങ്ങള്‍ മാറ്റാതിരിക്കാന്‍ കാരണമായി. ഇക്കാലയളവില്‍ റിയല്‍ കാശ്മീരിന്റെ മത്സരങ്ങള്‍ ശ്രീനഗറില്‍ നടത്താനാവില്ല.