SHARE

ഇന്ത്യയിൽ മികവ് തെളിയിച്ച ഇറ്റാലിയൻ സ്റ്റാർ പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നെസെ ഐഎസ്എല്ലിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ പരിശീലകനെ തേടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അന്നെസെയ്ക്ക് ചുമതല നൽകാൻ ആലോചിക്കുന്നതായാണ് സൂചന. ഐഎഫ്ടിഡബ്ല്യുസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇറ്റലിയിൽ നിന്നുള്ള യുവപരിശീലകനായ അന്നെസെ, ഐ-ലീ​ഗ് ക്ലബ് ​ഗോകുലം കേരളയിലെ ദൗത്യത്തിലൂടെയാണ് രാജ്യമാകെ ശ്രദ്ധ നേടിയത്. 2020-21 സീസണിൽ ​ഗോകുലത്തിലെത്തിയ അദ്ദേഹം ക്ലബിനെ തുടർച്ചയായി രണ്ട് തവണ ഐ-ലീ​ഗ് ജേതാക്കളാക്കി. ഐ-ലീ​ഗ് ചരിത്രത്തിൽ തുടർക്കിരീടം നേടുന്ന ആദ്യ ടീമായും ​ഗോകുലം മാറി. ഐ-ലീ​ഗിൽ തുടർച്ചയായ 21 മത്സരങ്ങളിൽ ​ഗോകുലം തോൽവിയറിയാതെ കുതിക്കുകയും ചെയ്തു. ഏഎഫ്സി കപ്പ് അരങ്ങേറ്റമത്സരത്തിൽ ഐഎസ്എൽ വമ്പന്മാരായ എടികെ മോഹൻ ബ​ഗാനെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തകർക്കാനും അന്നെസെയുടെ ടീമിന് സാധിച്ചു.

ആക്രമണ ഫുട്ബോളിന്റെ വക്താവായ അന്നെസെ, ഏഎഫ്സി കപ്പിന് പിന്നാലെയാണ് രണ്ട് വർഷത്തെ ​ഗോകുലം ദൗത്യം അവസാനിപ്പിച്ചത്. ഐഎസ്എല്ലിൽ പരിശീലിപ്പിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കിയ അന്നെസെയെ തേടി വേറേയും ചില ക്ലബുകൾ രം​ഗത്തുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ നിലവിൽ അന്നെസെയെ പരിശീലകനായി നിയമിക്കാനുള്ള ഒരുക്കത്തിലാണ് നോർത്ത് ഈസ്റ്റെന്നാണ് റിപ്പോർട്ട്.