SHARE

യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ വിവാദം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതാണ് ടൂര്‍ണമെന്റ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിനെ ചൊടിപ്പിച്ചത്. വിരാടിനെ ഉള്‍പ്പെടുത്താതിരുന്നത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് സ്റ്റാര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കത്തയച്ചു. അതേസമയം ടീം സെലക്ഷന്റെ കാര്യത്തില്‍ സ്റ്റാര്‍ ഇടപെടേണ്ടതില്ലെന്ന് ബിസിസിഐ മുന്നറിയിപ്പ് നല്കി.

വലിയ ആരാധകവൃന്ദമുള്ള കോഹ്‌ലിയെ ഉള്‍പ്പെടുത്താതെ ഇന്ത്യ ടീമിനെ അയച്ചത് തങ്ങള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടം വരുത്തുമെന്നു സ്റ്റാര്‍ ചാനല്‍ എസിസിക്കയച്ച കത്തില്‍ പറയുന്നു. ബിസിസിഐയുടെ നടപടി മീഡിയ റൈറ്റ് എഗ്രിമെന്റിനെതിരാണെന്നും കത്തില്‍ പറയുന്നു. എസിസിയുമായി 2017 ജൂണ്‍ 29ന് ഉണ്ടാക്കിയ കരാറില്‍ ഏഷ്യ കപ്പിന് ഏറ്റവും മികച്ച ടീമിനെ തന്നെ വിടണമെന്ന കാര്യം പറയുന്നുണ്ടെന്ന് സ്റ്റാര്‍ ചാനല്‍ പറയുന്നു.

ഇന്ത്യ ഏഷ്യ കപ്പിന് ഏറ്റവും മികച്ച ടീമിനെ തന്നെയാണ് അയച്ചിരിക്കുന്നതെന്ന് ബിസിസിഐ പറഞ്ഞതായി എസിസി ഒഫീഷ്യല്‍ തുസിത് പെരേര പറഞ്ഞു. കോഹ്‌ലിയെ ഉള്‍പ്പെടുത്താത്തതിലൂടെ കരാര്‍ ലംഘനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സ്റ്റാറിനെതിരേ ബിസിസിഐ സിഇഒ വലിയ വിമര്‍ശനവും നടത്തി.