അടുത്ത ദിവസം ഓസ്ട്രേലിയക്കെതിരെ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി കളിക്കില്ല. കോവിഡ് പോസിറ്റീവായതോടെയാണ് ഷമിയെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷമിക്ക് കോവിഡ് ബാധിച്ചെന്നും എന്നാൽ ആശങ്കപ്പെടേണ്ടതായ സാഹചര്യം ഇല്ലെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമാകുമെങ്കിലും പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ താരം കളിക്കുമെന്നാണ് സൂചനകൾ. ഷമിക്ക് പകരമായി ഉമേഷ് യാദവിനെയാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയത്.
ചൊവ്വാഴ്ച പഞ്ചാബിലെ മൊഹാലിയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ മാസം 28-നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തുടങ്ങുന്നത്.