SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പ്ലേ ഓഫ് പ്രതീക്ഷകളുമായി മുന്നേറുന്ന ഡെൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. ലീ​ഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സൂപ്പർതാരം പൃഥ്വി ഷായുടെ സേവനം ഡെൽഹിക്ക് ലഭ്യമായേക്കില്ല. ടീം സഹപരിശീലകൻ ഷെയിൻ വാട്സനാണ് ഇത്തരമൊരു സൂചന നൽകിയത്.

കടുത്ത പനിയെത്തുടർന്ന് ഡെൽഹിയുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങൾ പൃഥ്വിക്ക് നഷ്ടമായിരുന്നു. ഇപ്പോൾ ലീ​ഗ് ഘട്ടത്തിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും താരത്തിന് കളിക്കാനായേക്കില്ലന്നും ഒരുപക്ഷെ ടീം പ്ലേ ഓഫിലെത്തിയാലും പ്രിഥ്വിയുടെ സേവനം ഉറപ്പില്ലന്നുമാണി വാട്സൻ ഒരു മാധ്യമത്തോട് പറഞ്ഞത്.

പ്രിഥ്വിയുടെ അസുഖമെന്താണെന്ന് എനിക്കിപ്പോഴും വ്യക്തമായി അറിയില്ല, എങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായിട്ട് താരത്തിന് പനിയുണ്ട്, ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത രണ്ട് മത്സരങ്ങൾ പൃഥ്വിക്ക് കളിക്കാനാകില്ല, പൃഥ്വിക്ക് കളിക്കാൻ സാധിക്കാത്തത് ഞങ്ങൾക്ക് കനത്ത തിരിച്ചടിയുമാണ്, വാട്സൻ പറഞ്ഞു.

ഐപിഎൽ പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഡെൽഹി. പഞ്ചാബ്, മുംബൈ എന്നിവർക്കെതിരെയാണ് ഡെൽഹിയുടെ അടുത്ത രണ്ട് മത്സരങ്ങൾ. ഇതിൽ രണ്ടിലും വിജയിക്കുകയും ഒപ്പം ആർസിബിയോ രാജസ്ഥാൻ റോയൽസോ പോയിന്റ് നഷ്ടമാക്കുകയും ചെയ്താൽ ഡെൽഹിക്ക് പ്ലേ ഓഫിലേക്ക് മുന്നേറാം.