SHARE

യൂറോ കപ്പിനുള്ള ഫ്രാൻസിന്റെ 26 അം​ഗ സ്ക്വാഡിൽ സൂപ്പർതാരം കരീം ബെൻസിമ ഇടംപിടിച്ചേക്കും. ഫ്രാൻസിലെ പ്രശസ്തമായ ലേ പാരിസീയൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2015-ന് ശേഷം ബെൻസിമ ദേശീയ ടീമിനായി കളിച്ചിട്ടില്ല.

ദേശീയ ടീമിലെ സഹതാരം മാത്യു വാൽബുവേനയ്ക്കെതിരെ ഉയർന്ന് സെക്സ് ടേപ്പ് വിവാദത്തിൽ ബെൻസിമയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിനുശേഷമാണ് ദേശീയ ടീമിൽ നിന്ന് ബെൻസിമ പുറത്തായത്. ഈ കേസിൽ ഇപ്പോഴും നിയമനടപടികൾ തുടരുകയാണ്. എന്നാൽ ഇതിനിടെയും മികച്ച പ്രകടനം മാത്രം പരി​ഗണിച്ച് ബെൻസിമയെ ദേശീയ ടീമിലേക്ക് തിരികെ വിളിക്കാൻ പരിശീലകൻ ദിദിയർ ദെഷാം തയ്യാറാണെന്നാണ് വാർത്തകൾ.

ക്ലബായ റയൽ മഡ്രിഡിൽ മിന്നുന്ന പ്രകടനം നടത്തുമ്പഴും ബെൻസിയമെ ദേശീയ ടീമിൽ നിന്ന് നിരന്തരം തഴഞ്ഞിരുന്നു. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. റയൽ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദിൻ സിദാനും ബെൻസിമയെ ഒഴിവാക്കുന്നതിനെതിരെ രം​ഗത്തെത്തിയിരുന്നു.

ബെൻസിമ തന്നെ ട്വിറ്റർ ബയോയിൽ, ഫ്രഞ്ച് ദേശീയ ടീമിന്റെ അക്കൗണ്ട് കൂടി ഉൾപ്പെടുത്തിയതും തിരിച്ചുവരവിന്റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് സ്ക്വാഡ് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.