SHARE

നെതർലൻഡ്സിന്റെ വിഖ്യാത താരം റയാൻ ടെൻ ഡോഷെ ഇന്ത്യൻ പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം കളിക്കളത്തോട് വിടപറഞ്ഞ റയാൻ പരിശീലകറോളിലാകും ഐപിഎല്ലിൽ തിരിച്ചെത്തുക. ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഫീൽഡിങ് കോച്ചായാണ് റയാൻ തിരിച്ചെത്തുക. ടീം സഹപരിശീലകനായി പ്രൊമോട്ട് ചെയ്യപ്പെട്ട ജെയിംസ് ഫോസ്റ്ററിന്റെ സ്ഥാനത്തേക്കാണ് റയാൻ വരുന്നത്. ചന്ദ്രകാന്ത് പണ്ഡിറ്റാണ് ഇക്കുറി നൈറ്റ് റൈഡേഴ്ശിന്റെ പരിശീലകൻ.

2012, 2014 വർഷങ്ങളിൽ നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടമുയർത്തുമ്പോൾ റയാൻ സ്ക്വാഡിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച റയാൻ എന്നാൽ നെതർലൻഡ്സിന് വേണ്ടിയാണ് കളിച്ചത്. ഐപിഎൽ കരാർ ലഭിക്കുന്ന അസോസിയേറ്റ് രാജ്യത്ത് നിന്നുള്ള ആദ്യ താരമെന്ന നേട്ടവും റയാന്റെ പേരിലാണ്. 42-കാരനായ റയാൻ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്.