SHARE

യൂറോപ്പിലെ വിവിധ ലീ​ഗുകളിൽ കളിക്കുന്ന പല സൂപ്പർടീമുകൾക്കും തിരിച്ചടിയായി പ്രധാനതാരങ്ങളുടെ പരുക്ക്. ബാഴ്സലോണ, റയൽ മഡ്രിഡ്, ബയേൺ മ്യൂണിച്ച്, ലിവർപൂൾ തുടങ്ങിയ പ്രധാന ടീമുകളിലാണ് പരുക്ക് കാര്യമായി പ്രശ്നമുണ്ടാക്കിയിരക്കുന്നത്.

ബാഴ്സലോണയിൽ കൗമാരതാരം അൻസു ഫാറ്റിയെയാണ് പരുക്ക് പിടികൂടിയിരിക്കുന്നത്. കാൽമുട്ടിന് പരുക്കേറ്റ ഫാറ്റു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ നാല് മാസം താരം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് സൂചന. മിക്കവാറും മാർച്ച് മാസത്തിലെ ഈ സ്പാനിഷ് താരം ടീമിലേക്ക് തിരിച്ചെത്തു. സീസണിൽ മികച്ച ഫോമിൽ കളിക്കവെയാണ് ഫാറ്റി പരുക്കിന്റെ പിടിയിൽ പെടുന്നത്.

റയൽ മഡ്രിഡിൽ മധ്യനിരതാരം ഫെഡറിക്കോ വാൾവെർദെയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. വലതുകാലിന് ഒടിവേറ്റാണ് വാൾവെർദെ പുറത്തേക്കുപോകുന്നത്. എന്നാൽ എത്ര നാൾ താരം പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തതയില്ല. ഡാനി കാർവഹാൾ, അൽവാരോ ഓഡ്രിയസോള, നാച്ചോ എന്നിവർ ഇപ്പോൾ തന്നെ റയലിൽ പരുക്കേറ്റിരിക്കുന്നവരാണ്.

ലിവർപൂളിൽ റൈറ്റ് ബാക്കായ ട്രെന്റ് അലക്സാണ്ടർ അർനോൾഡാണ് പരുക്കേറ്റ് പുറത്തായിരിക്കുന്നത്. കാൽവണ്ണയ്ക്ക് പരുക്കേറ്റ അർനോൾഡ് ഡിസംബർ പകുതിയോടെയേ കളിക്കളത്തിലേക്ക് തിരിച്ചെത്തുവെന്നാണ് സൂചന. ഫ്രഞ്ച് സൂപ്പർക്ലബ് പി.എസ്.ജിയിൽ പ്രതിരോധതാരം തിലോ കെഹ്ററിനാണ് പരുക്കേറ്റത്. മൂന്ന് മാസമെങ്കിലും കെഹ്റർ പുറത്തിരിക്കേണ്ടിവരും. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ മത്സരത്തിൽ കാൽമുട്ടിന് പരുക്കേറ്റ ബയേൺ സൂപ്പർതാരം ജോഷ്വാ കിമ്മിച്ചും ഈ വർഷമിനി കളിക്കില്ല.