SHARE

2008 ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചത് മുതൽ മത്സരങ്ങൾ ആരംഭിക്കുന്നത് വൈകിട്ട് 4 മണിക്കും, 8 മണിക്കുമാണ്. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിലാണ് വൈകിട്ട് 4 മണിക്ക് ആദ്യ മത്സരം ആരംഭിക്കുന്നത്. അതേ സമയം ഇക്കുറി ഇതിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സ്. ഐപിഎല്ലിൽ ഇനി മുതൽ ഒരു ദിവസം ഒരു മത്സരംമാത്രം മതിയെന്നും, വൈകിട്ട് 4 മണിക്ക് തുടങ്ങിയിരുന്ന മത്സരങ്ങൾ ഇനി ടൂർണമെന്റിൽ വേണ്ടെന്നുമാണ് അവർ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒറ്റ ദിവസം രണ്ട് മത്സരങ്ങളുള്ളത് ടിആർപി റേറ്റിംഗിനെ ബാധിക്കുമെന്നതാണ് ഇതിന് കാരണം. അതേ സമയം സ്റ്റാർ സ്പോർട്സിന്റെ ഈ ആവശ്യത്തോട് ബിസിസിഐ ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്തുന്ന രീതി ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയാൽ അത് ടൂർണമെന്റിന്റെ മുഴുവൻ സമയക്രമത്തേയും താളം തെറ്റിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ഇത് ഐപിഎല്ലിന്റെ ദൈർഘ്യം വർധിപ്പിക്കുമെന്നും, വിദേശ താരങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്നുമുള്ള പേടി അവർക്കുണ്ട്. അത് കൊണ്ട് തന്നെ നിരവധി തവണ ആലോചിച്ചതിന് ശേഷമേ അവർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

നേരത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത് നേരത്തെയാക്കണമെന്നും സ്റ്റാർ സ്പോർട്സ്, ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ 7 മണിക്കോ 7.30 നോ, തുടങ്ങണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഐപിഎൽ ഫ്രാഞ്ചൈസികൾ ഇത്തരമൊരു നിർദ്ദേശത്തെ ആദ്യം തന്നെ എതിർത്തിരുന്നു.