ഇറ്റാലിയൻ സൂപ്പർ ക്ലബ് എ.സി.മിലാൻ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വൻ നീക്കത്തിന് തയ്യാറെടുക്കുന്നു. ക്രൊയേഷ്യൻ മുന്നേറ്റതാരം മരിയോ മൻസൂക്കിച്ചിനെ റാഞ്ചാനാണ് മിലാന്റെ ശ്രമം. മൻസൂക്കിച്ച് ഇതിനകം മിലാനിൽ എത്തിയിട്ടുണ്ടെന്നാണ് ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്.
ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ താരമായിരുന്ന മൻസൂക്കിച്ച് ഈ വർഷം തുടക്കത്തിൽ ഖത്തറിലേക്ക് പോയിരുന്നു. അവിടെ അൽ ദുഹൈൽ ക്ലബിനായി കളിച്ചിരുന്ന മൻസൂക്കിച്ച് അധികം വൈകാതെ ക്ലബ് വിട്ടു. അന്ന് മുതൽ ഫ്രീ ഏജന്റാണ് ഈ ഗോൾവേട്ടക്കാരൻ.
സെരി എയിൽ നിലവിൽ ഒന്നാമതുള്ള മിലാൻ ഇക്കുറി കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. മറ്റൊരു സീനിയർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചാണ് മിലാന്റെ മുൻനിരയെ നയിക്കുന്നത്. എന്നാൽ ഇബ്ര ഇടയ്ക്ക് പരുക്കിന്റെ പിടിയിൽ പെടുന്ന സാഹചര്യത്തിലാണ് പുതിയ മുന്നേറ്റതാരത്തെ കൂടി ടീമിലുൾപ്പെടുത്താനുള്ള നീക്കം. തൽക്കാലം സീസൺ അവസാനം വരെയാകും മിലാൻ മൻസൂക്കിച്ചിന് മുന്നിൽ കരാർ വാഗ്ദാനം ചെയ്യുക. എന്നാൽ സാഹചര്യമനുസരിച്ച് ഇത് പുതുക്കാനും സാധ്യതയുണ്ട്.