SHARE

ഇംഗ്ലണ്ടുമായി നാളെ തുടങ്ങാനിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയയ്ക്ക് വൻ തിരിച്ചടി. കാലിന് പരുക്കേറ്റ സ്റ്റാർ ബോളർ മിച്ചൽ സ്റ്റാർക്കിന് നാലാംടെസ്റ്റിൽ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് ഇത്. സ്റ്റാർക്കിന് പകരം ന്യൂ സൗത്ത് വെയിൽസ് താരം ജാക്ക്സൺ ബേഡ് ടീമിലെത്തും.

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ആഷസിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് സ്റ്റാർക്ക്. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മെൽബണിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും ജയിച്ച് പരമ്പരയിൽ 4-0 ന് മുന്നിലെത്താൻ തയ്യാറെടുത്തിരുന്ന ഓസീസിനെ തലവേദനയിലാക്കുന്നതാണ് സ്റ്റാർക്കിന്റെ പരുക്ക്.

സ്റ്റാർക്കിന്റെ പരുക്ക് അനുഗ്രഹമായിരിക്കുന്നത് ന്യൂസൗത്ത് വെയിൽസ് താരമായ ജാക്ക്സൺ ബേഡിനാണ്. കുറച്ചധികം നാളുകളായി ഓസീസ് ടീമിന്റെ സ്ഥിരം പന്ത്രണ്ടാമനായ ബേഡിന് മികച്ച പ്രകടനത്തോടെ ഓസീസ് ടീമിൽ സ്ഥിരാംഗത്വം നേടാനുള്ള അവസരമാണിത്. 8 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ഈ വലം കൈയ്യൻ പേസ് ബൗളർ 34 വിക്കറ്റുകളും നേടിയിട്ടുണ്ട്.