കുറച്ച് നാള് മുമ്പാണ് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചത് വിവാദമായത്. വിവാദമായത് മറ്റൊന്നും കൊണ്ടുമല്ല, റൊണാള്‍ഡോയുടെ മുഖവുമായി യാതോരു ബന്ധവുമില്ലാതെയാണ് പ്രതിമ നിര്‍മ്മിച്ചിരുന്നത്. അതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പരിഹാസമുയര്‍ന്നിരുന്നു. ഇപ്പോള്‍ ഘാന സൂപ്പര്‍ താരമായിരുന്ന മൈക്കിള്‍ എസ്സിയനും സമാനമായ അനുഭവം നേരിട്ടു.
എസ്സിയിന്റെ നാടായ ഘാനയില്‍ അടുത്തിടെ നിര്‍മിച്ച പ്രതിമയാണ് പരിഹാസം നേരിടുന്നത്. ചെല്‍സി ജേഴ്സിയില്‍ പന്ത് തട്ടുന്ന രീതിയിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. എസ്സിയന്റെ മുഖവുമായി യാതൊരു ബന്ധവുമില്ലാത്ത മുഖമാണ് പ്രതിമയുടേത്. കാലുകളുടേയും മറ്റും വീതിയും നീളവുമൊന്നും യാതൊരു കൃത്യയതയുമില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചെല്‍സി ജേഴ്സി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അത് എസ്സിയനാണെന്ന് പോലും മനസിലാകില്ലായിരുന്നു എന്നാണ് പ്രതിമ കണ്ട ആരാധകരുടെ പരിഹാസം. നേരത്തേ ഫുട്ബോള്‍ ഇതിഹാസ ഡീഗോ മറഡോണയുടെ പ്രതിമ സ്ഥാപിച്ചതും ഇത്തരത്തില്‍ പരിഹാസത്തിന് കാരണമായിരുന്നു.
2005 മുതല്‍ ഒമ്പത് വര്‍ഷത്തോളം ചെല്‍സിയുടെ താരമായിരുന്ന എസ്സിയന്‍ അവര്‍ക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കരീടങ്ങളില് പങ്കാളിയായി. ഒരു ചാമ്പ്യ്ന്സ് ലീഗ് കിരീടവും എസ്സിയന്‍ അവകാശപ്പെടാനുണ്ട്. ഘാന ദേശിയ ടീമിനെ രണ്ട് ലോകകപ്പുകളിലും എസ്സിയന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവില്‍ ഇന്തോനീഷ്യന്‍ ക്ലബായ പെര്‍സിബ് ബാന്തുങ്ങിനായി കളിക്കുകയാണ് എസ്സിയന്‍.