SHARE

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതോടെ വെട്ടിലായിരിക്കുകയാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. മുംബൈയില്‍ ചേരുന്ന ഫെഡറേഷന്‍ ടെക്‌നിക്കല്‍ സമിതി യോഗത്തില്‍ ഇത് പ്രധാന ചര്‍ച്ചയാകും.

നലിവല്‍ 12 ലക്ഷത്തോളം രൂപയാണ് കോണ്‍സ്റ്റന്റൈന് മാസം ലഭിക്കുന്ന പ്രതിഫലം. ഇന്ത്യയില്‍ എല്ലാ കായിക ഇനങ്ങളിലുമായി വിദേശ പരിശീലകര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തുകയാണിത്. ഇതിനിടയാണ്, പ്രതിഫലം ഉയര്‍ത്തണമെന്ന് കോണ്‍സ്റ്റന്റൈന്‍ ആവശ്യപ്പെട്ടത്. ഇതോടൊപ്പം മറ്റ് രണ്ട് ടീമുകളില്‍ നിന്ന് വാഗ്ദാനമുള്ളതായി, കോണ്‍സ്റ്റന്റൈന്‍ ഫൈഡറേഷനെ അറിയിച്ചെന്നും ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ കോണ്‍സ്റ്റന്റൈന്‍ പ്രതിഫലം കൂട്ടണം എന്നാവശ്യപ്പെട്ടപ്പോള്‍, ഫെഡറേഷന്‍ അത് തള്ളിയിരുന്നു. 2002 മുതല്‍ മൂന്ന് വര്‍ഷം ഇന്ത്യയുടെ പരിശീലകനായിരുന്നു സൈപ്രസ് വംശജനായ ഇംഗ്ലീഷ് പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍. പിന്നീട് 2015-ലാണ് കോണ്‍സ്റ്റന്റൈന്‍ വീണ്ടും ഇന്ത്യയുടെ പരിശീലക ചുമതലയേറ്റത്. ലോകറാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇന്ത്യ എത്തിയത് കോണ്‍സ്റ്റന്റൈന്റെ പരിശീലനത്തിന് കീഴിലാണ്.

അതേസമയം കോണ്‍സ്റ്റന്റനും ടീമിലെ ചില താരങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍സ്റ്റന്റൈന്റെ കാലാവധി നീട്ടിനല്‍കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ടീം നായകന്‍ സുനില്‍ ഈ ഛേത്രി റിപ്പോര്‍ട്ടുകള്‍ തള്ളി.