SHARE

മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ആരാധകര്‍ അങ്ങേയറ്റം വാശിയിലും ആവേശത്തിലുമാണ്. എന്നാല്‍ ഈ വാശിയും ആവേശവുമൊക്കെ ടീമംഗങ്ങളിലും അതിരു വിട്ടാലോ. കഴിഞ്ഞ മത്സരത്തിനിടെ ലിവര്‍പൂള്‍ താരം ഗോമസും സിറ്റിയുടെ സ്‌റ്റെര്‍ലിംഗും തമ്മില്‍ ഒന്നു ഉരസിയിരുന്നു. രണ്ടു പേരും ഇംഗ്ലണ്ടിന്റെ താരങ്ങളാണു താനും.

ഈ ഉരസല്‍ പരിഹരിക്കാനാവതെ ഇരുവരും ദേശീയ ടീമിന്റെ ക്യാമ്പിലെത്തിയതാണ് പണിയായത്. ഇവിടെ വച്ചും തമ്മിലൊന്നു മുട്ടി നോക്കി രണ്ടു പേരും. ഇംഗ്ലണ്ട് ടീമിനു തന്നെ നാണക്കേടുണ്ടായ സംഭവമായി മാറി ഇത്. അന്വേഷണം നടത്തിയ അധികൃതര്‍ തെറ്റ് സ്റ്റെര്‍ലിംഗിന്റെ ഭാഗത്താണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതിനാല്‍ തന്നെ സ്റ്റെര്‍ലിംഗിനെ അടുത്ത മത്സരത്തില്‍ കളിപ്പിക്കേണ്ടെന്നാണ് മാനേജ്‌മെന്റ് തീരുമാനം. മോണ്ടിനെഗ്രോയെയാണ് ഇംഗ്ലണ്ട് നേരിടുക. സംഭവം ദൗര്‍ഭാഗ്യകരവും ഉണ്ടാകാന്‍ പാടില്ലാത്തതുമാണെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പരിശീലകന്‍ സൗത് ഗേറ്റ് പ്രതികരിച്ചു.