SHARE

വലതു കാലിൽ റൈഫിൾ പച്ചകുത്തിയ ഇം​ഗ്ലീഷ് ഫുട്ബോൾ താരം റഹീം സ്റ്റെർലിങ് പുലിവാൽ പിടിച്ചു. മാഞ്ചസ്റ്റർ സിറ്റി താരമായ സ്റ്റെർലിങ്ങ്, ലോകകപ്പിനുള്ള ഇം​ഗ്ലീഷ് ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീമിനൊപ്പം, പരിശീലനം നടത്തുന്നതിനിടെ സ്റ്റെർലിങ് തന്നെയാണ് പച്ചകുത്തിയ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്.

സംഭവം വൻ വിവാദമായി. പല പ്രമുഖ മാധ്യമങ്ങളും ഈ ചിത്രം ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഫുട്ബോൾ മത്സരങ്ങൾക്കിടെ തോക്ക് പോലുള്ളവുമായി ബന്ധപ്പട്ട വിവാദങ്ങളുണ്ടായിട്ടുണ്ട്. തോക്ക് ഉപയോ​ഗിച്ച് വെടിവെക്കുന്നതിനോട് സമാനമായ രീതിയിൽ ​ഗോൾ ആഘോഷിച്ച കളിക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്.

ഇതേ സാഹചര്യത്തിലാണ് സ്റ്റെർലിങ്ങിന്റെ ചിത്രവും വിവാദമായത്. തോക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് വാദിക്കുന്ന പല സംഘടനകളും സ്റ്റെർലിങ്ങിന്റെ ടാറ്റുവിനെതിരെ രം​ഗത്തെത്തി. സ്റ്റെർലിങ് ടാറ്റു മായ്ക്കണമെന്നും, അല്ലാത്തപക്ഷം ടീമിൽ നിന്ന് പുറത്താക്കണമെന്നും ചില സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം പച്ചകുത്തലിനെ ന്യായീകരിച്ചാണ് സ്റ്റെർലിങ്ങ് രം​ഗത്തെത്തിയത്. തനിക്ക് രണ്ട് വയസുള്ളപ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ട പിതാവിനോടുള്ള ആദരവാണ് ടാറ്റു എന്നാണ് സ്റ്റെർലിങ്ങിന്റെ വാദം. ജീവിതത്തിൽ ഒരിക്കലും തോക്ക് തൊടില്ല, എന്നാൽ കളിക്കളത്തിൽ വലം കാൽ കൊണ്ടാണ് ​ഷൂട്ട് ചെയ്യുന്നത്. അതിനാൽ തന്നെ വലതുകാലിൽ പച്ചകുത്തിയതിന് ആഴത്തിലുള്ള അർഥങ്ങളുണ്ട്. ടാറ്റു പൂർത്തിയായിട്ടില്ലെന്നും സ്റ്റെർലിങ് പറഞ്ഞു.