SHARE

കുറച്ച് കാലത്തെ വീഴ്ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫിഫ റാങ്കിംഗില്‍ 3 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ ടീം 102ാം സ്ഥാനത്തെത്തി. മാത്രമല്ല, കഴിഞ്ഞ വർഷം അണ്ടര്‍ 17 ലോകകപ്പിലൂടെ ആദ്യമായി ഇന്ത്യ ഒരു ലോക ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെ പറ്റിയും നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് മനസ്സ് തുറക്കുകയാണ് ഐ എസ് എല്ലിലെ ജംഷഡ്പൂര്‍ എഫ് സി കോച്ച് സ്റ്റീവ് കോപ്പല്‍. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണ്ണമെന്റ് കളിക്കാന്‍ ഇന്ത്യ മാതൃകയാക്കേണ്ടത് ഐസ്‌ലാന്റിനെ പോലുള്ള രാജ്യങ്ങളെയാണെന്ന് കോപ്പല്‍ പറഞ്ഞു. കളിക്കാരുടെ പ്രതിഭ തുടക്കത്തിലെ കണ്ടെത്തി പരിശീലനം നല്‍കാന്‍ വേണ്ട സാങ്കേതികമായും മറ്റുമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് കോപ്പലിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെടാനുള്ളത്.

ഐസ്‌ലാന്റിനെ പോലെയുള്ള ചെറിയ രാജ്യങ്ങള്‍ ഫുട്‌ബോളില്‍ അദ്ഭുതങ്ങള്‍ കാട്ടുന്നതിനെ ചൂണ്ടിക്കാട്ടിയാണ് കോപ്പല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ വിലയിരുത്തിയത്. അവിടെ വെറും മൂന്നര ലക്ഷം ജനസംഖ്യ മാത്രമാണുള്ളത്, എന്നാല്‍ മികച്ച പരിശീലകരും ഫലപ്രദമായ സൗകര്യങ്ങളുമുണ്ട്. അത് കൊണ്ട് തന്നെ അവർ ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു. ഇന്ത്യ അത് മാതൃകയാക്കണം. എങ്കില്‍ ഈ ടീമിന് ഒരു ലോകകപ്പ് യോഗ്യത സ്വപ്‌നം കാണാന്‍ കഴിയുമെന്നും കോപ്പല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കൂടിയായിരുന്ന കോപ്പല്‍ ഇത് രണ്ടാം തവണയാണ് ഐ എസ് എല്ലില്‍ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പരിശീലകനായിരുന്ന കോപ്പല്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ക്രിസ്റ്റല്‍ പാലസ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ  ലോകോത്തര ടീമുകളെയും കോപ്പല്‍ കളി പഠിപ്പിച്ചിട്ടുണ്ട്.