SHARE

ഇന്ത്യക്കെതിരെ ഹെഡിംഗ്ലിയിൽ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മു‌ൻ ഇംഗ്ലീഷ് താരം സ്റ്റീവ് ഹാർമിസൺ. ബാറ്റിംഗിന് കൂടുതൽ പ്രാധാന്യം കൊടുത്ത് കൊണ്ട് ഹാർമിസൻ തിരഞ്ഞെടുത്തിരിക്കുന്ന ടീമിൽ സ്റ്റാർ ഓൾറൗണ്ടറായ സാം കറന് ഇടമില്ല. മോയിൻ അലി എട്ടാമത് ബാറ്റിംഗിനെത്തുന്ന ഈ ഇലവനിൽ മൊത്തം 4 ബോളർമാരെ മാത്രമാണ് കറൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോറി ബേൺസ്, ഹസീബ് ഹമീദ് എന്നിവർ ചേർന്ന് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ് ഹാർമിസൻ പറയുന്നത്. മൂന്നാം നമ്പരിലേക്ക് ഡേവിഡ് മലനെ തിരഞ്ഞെടുക്കുന്ന അദ്ദേഹം നായകൻ ജോ റൂട്ട്, ഒലി‌ പോപ്പ്, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ എന്നിവരെയാണ് യഥാക്രമം 4 മുതൽ 7 വരെ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത്. സ്പിൻ ബോളിംഗ് ഓൾ റൗണ്ടറായ മോയിൻ അലിയെ എട്ടാം നമ്പരിൽ ചൂണ്ടിക്കാട്ടുന്ന ഹാർമിസൻ, ഒലി റോബിൻസൺ, ക്രെയിഗ് ഓവർടൺ, ജെയിംസ് ആൻഡേഴ്സൺ എന്നിവരെയാണ് ടീമിന്റെ ബോളിംഗ് ഡിപ്പാർട്ട്മെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹാർമിസൻ തിരഞ്ഞെടുക്കുന്ന, മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവൻ – ഹസീബ് ഹമീദ്, റോറി ബേൺസ്, ഡേവിഡ് മലൻ, ജോ റൂട്ട്, ഒലി പോപ്പ്, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, മോയിൻ അലി, ഒലി റോബിൻസൺ, ക്രെയിഗ് ഓവർടൺ, ജെയിംസ് ആൻഡേഴ്സൺ.