SHARE

മുന്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ സ്റ്റീവ് റോഡ്‌സിനെ പരിശീലകനാക്കാന്‍ ബംഗ്ലാദേശ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ചന്ദിക ഹതുരസിംഗ രാജി വെച്ചതിന് ശേഷം കഴിഞ്ഞ എട്ടു മാസമായി ബംഗ്ലാദേശിന് സ്ഥിരം കോച്ചുമാരില്ലാത്ത അവസ്ഥയാണ്. നിലവില്‍ വിന്‍ഡീസ് ഇതിഹാസം കോര്‍ട്ട്‌നി വാല്‍ഷ് താല്‍ക്കാലിക പരിശീലകനായി പ്രവര്‍ത്തിക്കുകയാണ്.

അതിനിടെ ഗാരി കിര്‍സ്റ്റൺ ബംഗ്ലാദേശ് ടീമിന്റെ ഹൃസ്വകാല ഉപദേഷ്ടാവായി മാറിയിരുന്നു. കിര്‍സ്റ്റണ്‍ന്റെ നിര്‍ദ്ദേശപ്രകാരമാണ് റോഡ്‌സിനെ പരിശീലകനാക്കാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്. 54കാരനായ റോഡ്‌സ് ഇംഗ്ലണ്ടിന് വേണ്ടി 11 ടെസ്റ്റ് മത്സരങ്ങളും 9 ഏകദിനങ്ങളും മാത്രമാണ് കളിച്ചിട്ടുള്ളത്. അതേ സമയം, പ്രതിഭകളെ കണ്ടെത്തുന്നതിലെ മിടുക്കാണ് റോഡ്‌സിനെ വ്യത്യസ്തനാക്കുന്നത്. നേരത്തെ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ച പരിചയ സമ്പത്തും അദ്ദേഹത്തിനുണ്ട്.

റോഡ്‌സിന് പുറമേ, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ലാന്‍ഡ് ക്ലൂസ്‌നറെ ബാറ്റിംഗ് പരിശീലകനായി കൊണ്ടു വരാനും ബംഗ്ലാദേശിന് താല്‍പ്പര്യമുണ്ട്. ക്ലൂസ്‌നറുമായി ബംഗ്ലാദേശ് ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. നിലവില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയില്‍ ടി20 പരമ്പര കളിക്കുകയാണ് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.