SHARE

പന്തുചുരണ്ടല്‍ വിവാദത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഗൂഢാലോചനയില്‍ പങ്കാളി ആയിരുന്നില്ലെന്നും നായകനെന്ന നിലയില്‍ അതു തടയാന്‍ പരാജയപ്പെട്ടെന്നും സ്മിത്ത് ആറുമാസത്തിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെയാണ് ഓസീസ് താരങ്ങള്‍ പന്തുചുരണ്ടലില്‍ കുരുങ്ങിയത്. ന്യൂലാന്‍ഡ്‌സിലെ ടീം ഡ്രസിംഗ് റൂമിലിരിക്കുമ്പോള്‍ പന്ത് ചുരുണ്ടലിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. അത് വേണ്ടെന്നുവയ്പ്പിക്കാന്‍ തനിക്കാകുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അതെന്നിലെ നായകന്റെ പരാജയമായിരുന്നു. സംഭവിച്ചതിന് ഉത്തരവാദിത്വമേറ്റെടുക്കുകയായിരുന്നു സ്മിത്ത് പറഞ്ഞു. ആരൊക്കെയാണ് പന്തു ചുരുണ്ടല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന ചോദ്യത്തിന് പേരു വെളിപ്പെടുത്താന്‍ മുന്‍ നായകന്‍ തയാറായില്ല.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണക്കേടിലാക്കിയ പന്തുചുരുണ്ടലുമായി ബന്ധപ്പെട്ട് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കും സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നു. 2019 ഐസിസി ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.