SHARE

16 മാസങ്ങൾക്ക് ശേഷം തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന സ്റ്റീവ് സ്മിത്തായിരുന്നു ഇന്നലെ ആരംഭിച്ച ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയെ വൻ നാണക്കേടിൽ നിന്ന്‌കരകയറ്റിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 122/8 എന്ന നാണക്കേടിലേക്ക് പതിച്ചെങ്കിലും നാലാമനായി ഇറങ്ങിയ സ്മിത്തിന്റെ ബാറ്റിംഗ് അവരെ രക്ഷപെടുത്തുകയായിരുന്നു. 219 പന്തിൽ 144 റൺസ് നേടിയ സ്മിത്തിന്റെ ബാറ്റിംഗ് 284 എന്ന ഭേദപ്പെട്ട ഒന്നാമിന്നിംഗ്സ് സ്കോറിൽ അവരെയെത്തിച്ചു.

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഇരുപത്തിനാലാം സെഞ്ചുറിയായിരുന്നു ഇന്നലെ സ്മിത്ത് നേടിയത്. ഈ സെഞ്ചുറിയോടെ ഒരു ടെസ്റ്റ് റെക്കോർഡിൽ സ്മിത്ത്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്നു. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 24 സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡിൽ കോഹ്ലിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് സ്മിത്ത് ഇപ്പോൾ.

ഇന്നലെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 118-ം ഇന്നിംഗ്സിലായിരുന്നു സ്മിത്തിന്റെ ഇരുപത്തിനാലാം സെഞ്ചുറി പിറന്നത്. 123 ഇന്നിംഗ്സുകളിൽ 24 സെഞ്ചുറികൾ നേടിയ കോഹ്ലി ഇതോടെ ഈ റെക്കോർഡിൽ മൂന്നാമതായി. അതേ സമയം ഓസ്ട്രേലിയൻ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനാണ് ഈ റെക്കോർഡിൽ ഒന്നാമതുള്ളത്. വെറും 66 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു ബ്രാഡ്മാൻ 24 സെഞ്ചുറികൾ നേടിയത്.