SHARE

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു വർഷ വിലക്ക് നേരിടുന്ന ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഈ മാസാവസാനം ആരംഭിക്കുന്ന കാനഡ ഗ്ലോബൽ ടി20 ടൂർണമെന്റിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ മറ്റൊരു പ്രഖ്യാപനം കൂടി നടത്തി ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് ഈ ഓസീസ് താരം. കാനഡ ഗ്ലോബൽ ടി20 ലീഗിൽ കളിക്കുന്നതിന് തനിക്ക് ലഭിക്കുന്ന പണം ഓസ്ട്രേലിയയിലേയും കാനഡയിലേയും ക്രിക്കറ്റ് വികസനത്തിന് വേണ്ടി സംഭാവന ചെയ്യുമെന്നുള്ള സ്മിത്തിന്റെ തീരുമാനമാണ് ഇരു കൈയ്യും നീട്ടി ക്രിക്കറ്റ് ലോകം സ്വീകരിച്ചിരിക്കുന്നത്. സ്മിത്ത് തന്നെയാണ് തനിക്ക് ഈ ടൂർണമെന്റിൽ നിന്ന് പ്രതിഫലയിനത്തിൽ ലഭിക്കുന്ന തുക കാനഡയിലേയും ഓസ്ട്രേലിയയിലേയും ക്രിക്കറ്റ് ഗ്രാസ് റൂട്ട് പരിപാടികൾക്ക് നൽകുമെന്ന് അറിയിച്ചത്.

അതേ സമയം ഈ ടൂർണമെന്റിനായുള്ള തയ്യാറെടുപ്പുകളും സ്മിത്ത് ആരംഭിച്ചു കഴിഞ്ഞു. ഏറെക്കാലമായി കളിക്കളത്തിന് പുറത്തിരിക്കുന്നതിനാൽ നെറ്റ്സിലും ജിമ്മിലും കനത്ത പരിശീലനമാണ് താരം നടത്തുന്നത്. കാനഡ ഗ്ലോബൽ ടി20 ലീഗിന്റെ 10 മാർക്വീ താരങ്ങളിൽ ഒരാൾ കൂടിയാണ് സ്മിത്ത്. ക്രിസ് ലിൻ, ഷഹീദ് അഫ്രീദി, ലസിത് മലിംഗ, ഡേവിഡ് മില്ലർ, ക്രിസ് ഗെയിൽ, ആന്ദ്രെ റസൽ, സുനിൽ നരൈൻ, ഡാരൻ സമി, ഡ്വെയിൻ ബ്രാവോ എന്നിവരാണ് ബാക്കിയുള്ള മാർക്വീ താരങ്ങൾ.

ഈ വർഷം ഫെബ്രുവരിയിൽ ഐസിസിയുടെ പച്ചക്കൊടി ലഭിച്ച കാനഡ ഗ്ലോബൽ ടി20 ടൂർണമെന്റിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. കരീബിയൻ ഓൾ സ്റ്റാർസ്, ടൊറന്റൊ നാഷണൽസ്, മോൺ ട്രിയൽ ടൈഗേഴ്സ്, ഒട്ടാവ റോയൽസ്, വാൻ കൂവർ നൈറ്റ്സ്, വിന്നിപെഗ് ഹോക്സ് എന്നിവയാണ് ഈ ടീമുകൾ. കാനഡയിലെ ക്രിക്കറ്റ് വികസനത്തിനും ആ നാട്ടിൽ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുവാനും സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ് ജൂൺ മാസം 28 -ം തീയതി ആരംഭിച്ച് ജൂലൈ 16 ന് അവസാനിക്കും. കാനഡയിലെ പ്രശസ്ത ക്രിക്കറ്റ് മൈതാനമായ മേപ്പിൾ ലീഫ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരങ്ങളെല്ലാം നടക്കുന്നത്.