പന്തു ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. സ്മിത്തിനൊപ്പം ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് നല്‍കിയിരുന്നു. എന്തായാലും വിലക്ക് കാലഘട്ടത്തില്‍ വെറുതെയിരിക്കാന്‍ സ്മിത്ത് തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
സ്മിത്ത് ഫോക്‌സ് സ്‌പോര്‍ട്‌സില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് ഡെയ്‌ലി മെയ്‌ലാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവാദവുമായി ബന്ധപ്പെട്ട് നിരവധി ബ്രാന്‍ഡുകള്‍ സ്മിത്തുമായുള്ള ബന്ധം ഒഴിവാക്കിയിരുന്നു. എന്നാല്‍ സ്മിത്തിന് പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി ഫോക്‌സ് സ്‌പോര്‍ട്‌സ് സി ഇ ഒ പാട്രിക് ഡെലാനി രംഗത്ത് വരികയും ചെയ്തു. ‘ സ്മിത്തിനെ ഒരുപാട് നാളായി അറിയാം, ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കും’ – ഇതായിരുന്നു ഡെലാനിയുടെ വാക്കുകള്‍. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയുടെ ആഭ്യന്തര – അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം ഫോക്‌സ് സ്‌പോര്‍ട്‌സും ചാനല്‍ സെവനും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു.
അടുത്ത ആറുവര്‍ഷത്തേക്കുള്ള കരാര്‍ സ്വന്തമാക്കിയ ഫോക്‌സ് സ്‌പോര്‍ട്‌സ് അവരുടെ കമന്ററി പാനല്‍ തെരഞ്ഞെടുത്തിട്ടില്ല. എന്നാല്‍ യുവാക്കളെയും പരിചയസമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് കമന്ററി പാനല്‍ തെരഞ്ഞെടുക്കുകയെന്ന് ഫോക്‌സ് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്മിത്തിനെ കൂടി പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിലക്ക് കാലഘട്ടത്തിലെ ഈ ഒരു വര്‍ഷത്തേക്ക് സ്മിത്തിന് ഇത് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.