SHARE

അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിലെ സെഞ്ചുറികളുടെ എണ്ണത്തില്‍ സ്റ്റീവന്‍ സ്മിത്ത് വീരേന്ദ്രന്‍ സേവാഗിനൊപ്പമെത്തി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് 23 സെഞ്ചുറികളുമായി സ്മിത്ത് സേവാഗിനൊപ്പമെത്തിയത്. 2013 ഹൈദരാബാദില്‍ വെച്ച് ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലൂടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സേവാഗ് 180 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 23 സെഞ്ചുറി നേടിയിരുന്നത്. എന്നാല്‍ സ്മിത്ത് വെറും 110 ഇന്നിംഗ്‌സില്‍ നിന്നാണ് തന്റെ 23ാം സെഞ്ചുറി സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍, ജസ്റ്റിന്‍ ലാംഗര്‍, ജാവേദ് മിയാന്‍ദാദ് തുടങ്ങിയവരും കരിയറില്‍ 23 സെഞ്ചുറികള്‍ നേടിയിട്ടുള്ളവരാണ്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സടക്കമുള്ള താരങ്ങള്‍ 24 സെഞ്ചുറികളുമായി സ്മിത്തിന് തൊട്ടുമുന്നിലുണ്ട്. 28കാരനായ സ്മിത്തിന് വലിയൊരു കരിയര്‍ ബാക്കി കടക്കുകയാണ്. അത് കൊണ്ട് തന്നെ ക്രിക്കറ്റിലെ ഒരു പിടി റെക്കോര്‍ഡുകള്‍ ഈ താരം തന്റെ പേരിലാക്കുമെന്ന കാര്യം ഉറപ്പാണ്.

-Advertisement-

51 ടെസ്റ്റ് സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള ക്രിക്കറ്റ് ദൈവം സച്ചിനാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. സച്ചിന്‍ 329 ഇന്നിംഗ്‌സുകളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ സ്മിത്ത് സച്ചിനെയും മറികടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.