SHARE

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് സൗത്ത് ആഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലാണ് താരം. ഈ വർഷം ആദ്യം ഇന്ത്യക്കെതിരെ കളിച്ചിരുന്നെങ്കിലും ആദ്യ മത്സരത്തിലേറ്റ പരിക്കുമൂലം തുടർന്നുള്ള മത്സരങ്ങൾ കളിക്കാനായില്ല.

കഠിനാധ്വാനത്തിലൂടെയും മനഃശക്തിയിലൂടെയും എല്ലാത്തിനെയും തരണം ചെയ്ത് ശക്തമായ മടങ്ങിവരവിനൊരുങ്ങുകയാണ് സ്റ്റെയിൻ ഇപ്പോൾ. പരിക്കിൽ നിന്ന് മോചിതനായി കായിക ക്ഷമത വീണ്ടെടുത്ത സ്റ്റെയിൻ കഴിഞ്ഞ മാസം കൗണ്ടി ക്രിക്കറ്റിൽ കളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ്‌ ടീമിൽ ഇടം പിടിച്ചത്. മടങ്ങി വരവിൽ രണ്ട് ലക്ഷ്യങ്ങളാണ് തനിക്കുള്ളതെന്ന് സ്റ്റെയിൻ പറയുന്നു. ഇ.എസ്‌.പി.എൻ ക്രിക്കിൻഫോയോട് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് വിക്കറ്റുകൾ കൂടി നേടുന്നതോടെ സൗത്ത് ആഫ്രിക്കക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന നേട്ടം സ്റ്റെയിനിനു സ്വന്തമാകും ഇതിഹാസ താരം ഷോൺ പൊള്ളോക്കിന്റെ റെക്കോർഡാകും സ്റ്റെയിൻ തിരുത്തുക. ഇതാണ് താരത്തിന്റെ ആദ്യ ലക്ഷ്യം. മറ്റൊന്ന് 100 മത്സരങ്ങളിൽ നിന്ന് 500 വിക്കറ്റുകൾ എന്ന അപൂർവ നേട്ടത്തിലെത്തുക എന്നതാണ്. നിലവിൽ 86 മത്സരങ്ങളിൽ നിന്നും 419 വിക്കറ്റുകളാണ്‌ താരത്തിന്റെ സമ്പാദ്യം.