SHARE

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കിയതിൽ സമ്മിശ്ര അഭിപ്രായമാണ് ആരാധകരിൽ നിന്നുയരുന്നത്. സ്റ്റിമാച്ചിന് ടീം പടുത്തുയർത്താൻ കൂടുതൽ സമയം നൽകണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ ഇത്രയും നാളിനിടെയുള്ള നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹത്തെ എതിർക്കുന്നവർക്ക് ചൂണ്ടിക്കാട്ടാനുള്ളത്.

2019-ൽ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പിൻ​ഗാമിയായാണ് ക്രൊയേഷ്യക്കാരനായ സ്റ്റിമാച്ച് ഇന്ത്യയിലെത്തുന്നത്. എന്നാൽ തുടർന്നിതുവരെ നടന്ന 15 മത്സരങ്ങളിൽ വെറും രണ്ട് വിജയം മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇടയ്ക്ക് കോവിഡ് പ്രതിസന്ധി ടീമിന്റെ തയ്യാറെടുപ്പുകളുടെ താളം തെറ്റിച്ചെന്നത് വാസ്തവമാണ്. എങ്കിലും മത്സരഫലങ്ങൾ പരിശോധിക്കുമ്പോൾ സ്റ്റിമാച്ചിന് കരാർ ഒരു വർഷത്തേക്ക് പുതുക്കി നൽകുമെന്ന് പലരും പ്രതീക്ഷിച്ചില്ല.

ഇന്നലെ നടന്ന ഏ.ഐ.എഫ്.എഫ് ടെക്നിക്കൽ സമിതി യോ​ഗത്തിലാണ് സ്റ്റിമാച്ചിന്റെ കരാർ പുതുക്കാൻ തീരുമാനമായത്. എന്നാൽ വിശാദവും ദൈർഘ്യമേറിയതുമായ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമെടുത്തത്. ചില സമിതിയം​ഗങ്ങൾ സ്റ്റിമാച്ചിന്റെ പ്രകടനത്തിൽ അതൃപ്തി അറിയിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ടെക്നിൽക്കൽ സമിതി സ്റ്റിമാച്ചിന്റെ പ്രകടനത്തിൽ പൂർണതൃപ്തരാണെന്ന് സൂചനകളില്ല. എന്നാൽ ഇപ്പോൾ പരിശീലകനെ മാറ്റുന്നത് ​ഗുണം ചെയ്യില്ല എന്നതിനലാണ് സ്റ്റിമാച്ചിന്റെ കരാർ പുതുക്കുന്നതെന്നാണ് സൂചനകൾ. സ്റ്റിമാച്ച് തന്റെ പദ്ധതികളെക്കുറിച്ച് വളരെ വിശദമായി അവതരിപ്പിച്ചു, ഒപ്പം കോവിഡ് വരുത്തിവച്ച പ്രശ്നങ്ങളെക്കുറിച്ചും വിവരിച്ചു, സ്റ്റിമാച്ച് പുതിയ ഒരു കളി ശൈലികൊണ്ടുവന്നു, ഒരുപിടി പുതിയ താരങ്ങളും സ്റ്റിമാച്ചിന് കീഴിൽ ദേശീയ ടീമിൽ ഉയർന്നുവന്നു, ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് കുറച്ചുകൂടി സമയം നൽകേണ്ടതുണ്ട്, ഒരു സീനിയർ സമിതിയം​ഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.