വളരെ നിർണായകമായ രണ്ട് സൗഹൃദമത്സരങ്ങളാണ് അടുത്ത മാസം ഇന്ത്യൻ ദേശീയ ടീം കളിക്കാനൊരുങ്ങുന്നത്. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്ക് മുന്നോടിയായി ഒമാൻ, യു.എ.ഇ എന്നീ ശക്തരായ എതിരാളികളെയാണ് ഇന്ത്യ നേരിടാനൊരുങ്ങുന്നത്. മാർച്ച് അവസാന ആഴ്ച ദുബായിയിലാണ് ഈ മത്സരങ്ങൾ നടക്കുക.
കരുത്തരായ എതിരാളികളോടാണ് മത്സരമെങ്കിലും ചില സൂപ്പർതാരങ്ങളെ ടീമിലേക്ക് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വിളിച്ചേക്കില്ലന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മത്സരത്തിന് ഇനിയും ഒരു മാസത്തോളം സമയമുണ്ടെങ്കിലും പരുക്കിൽ നിന്ന് മോചിതരായി വരുന്നവരേയും ഇപ്പോൾ പരുക്കേറ്റവരേയും സ്റ്റിമാച്ച് ടീമിലുൾപ്പെടുത്താൻ സാധ്യതയില്ല. സൗഹൃദമത്സരങ്ങൾ കടുപ്പമേറിയ ടീമുകൾക്കെതിരെയായതിൽ പരുക്കേൽക്കാൻ സാധ്യതയുള്ളതിനാൽ, ഇപ്പോൾ പരുക്ക് പൂർണമായി മാറാത്ത കളിക്കാരെ ഒഴിവാക്കാനാണ് സാധ്യതയെന്ന് സ്റ്റിമാച്ച് പറഞ്ഞതായാണ് റിപ്പോർട്ടിൽ.
ഇത്തരമൊരു നിലപാടിൽ സ്റ്റിമാച്ച് തുടർന്നാൽ പല പ്രധാന താരങ്ങളും ടീമിലുണ്ടായേക്കില്ല. ഒരിടവേളയ്ക്ക് ശേഷം പരിശീലനം പുനരാരംഭിച്ച ഗോവയുടെ ബ്രണ്ടൻ ഫെർണാണ്ടസ്, ഇപ്പോൾ പരുക്കേറ്റ മലയാളി താരം സഹൽ അബ്ദുൾ സമദ്, കേരളാ ബ്ലാസ്റ്റേഴ്സിന്റെ തന്നെ നിഷു കുമർ തുടങ്ങിയവരുടെ സിലക്ഷൻ ഇതോടെ സംശയത്തിലായി. പരുക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മോചിതരാകാത്ത ആദിൽ ഖാൻ. അനിരുദ്ധ് ഥാപ എന്നിവരുടെ കാര്യവും സംശയത്തിലാണ്.