SHARE

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ഇനി ഇന്ത്യക്ക് മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഈ മൂന്നിൽ ജയിച്ചാലും മറ്റ് ടീമുകളുടെ കൂടി ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പ്. എന്നാൽ പോലും ഈ മത്സരങ്ങൾക്കായി വലിയ ഒരുക്കങ്ങളാണ് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് നടത്തുന്നത്.

കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സ്റ്റിമാച്ച് വെളിപ്പെടുത്തി. ഇപ്പോൾ ക്രൊയേഷ്യയിലുള്ള സ്റ്റിമാച്ച് ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്നും ക്യാമ്പ് തുടങ്ങുമെന്നുമാണ് പറയുന്നത്. നേരത്തെ തന്നെ ദേശീയ ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് കോവിഡ് കാലത്ത് ശാരീരികക്ഷമത നിലനിർത്താനുള്ള നിർദേശങ്ങൾ നൽകുകയും പരിശീലനപരിപാടികൾ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ക്യാമ്പ് തുടങ്ങിയാൽ ആദ്യ അഞ്ച് ദിവസം താരങ്ങൾ ഈ നിർദേശങ്ങൾ പാലിച്ചോ എന്നാണ് പരിശോധിക്കുക, സ്റ്റിമാച്ച് പറഞ്ഞു.

-Advertisement-

കളിക്കാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല, അതിനാൽ തന്നെ എട്ട് ആഴ്ചയെങ്കിലും വേണം ടീമിനെ ഒക്ടോബറിലുള്ള മത്സരത്തിന് തയ്യാറാക്കാൻ, കുറച്ച് സൗഹൃദമത്സരങ്ങളും കളിക്കേണ്ടതുണ്ട് ഇന്ത്യയിലും പുറത്തും, സ്റ്റിമാച്ച് വ്യക്തമാക്കി.

ടീമിന് വിദേശത്ത് പരിശീലനം നൽകാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്. വിമാനയാത്ര വിലക്ക് നീക്കുന്ന മുറയ്ക്കായിരിക്കും ഇത്. ക്രൊയേഷ്യ, തുർക്കി, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് പരി​ഗണനയിലുള്ളത്. യൂറോപ്യൻ പര്യടനം നടന്നില്ലെങ്കിൽ ഭുവനേശ്വറിൽ ക്യാമ്പ് ചെയ്യാനാണ് സാധ്യത്. ഖത്തറിനെതിരെ ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ മത്സരം. പിന്നാലെ നവംബറിൽ ബം​ഗ്ലാദേശിനായും അഫ്​ഗാനിസ്ഥാനേയും നേരിടും.