SHARE

ഇന്ത്യയ്‌ക്കെതിരെ നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള് ഇംഗ്ലണ്ട് ടീമിൽ അഴിച്ചുപണി. രണ്ടാം ടെസ്റ്റിന് വേണ്ടി തെരഞ്ഞെടുത്ത 13 അംഗ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ബ്രിസ്‌റ്റോളില്‍ നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയ ബെന്‍ സ്റ്റോക്ക്‌സ് ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

സ്റ്റോക്‌സിന്റെ വരവോട് കൂടി അവസരം നഷ്ടപെട്ടത് യുവ താരം സാം കുറാനാണ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരങ്ങളാണ് കുറാനും സ്റ്റോക്‌സും. ആദ്യ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പട്ടവും കുറാന് തന്നെയായിരുന്നു. എന്നാൽ സ്റ്റോക്സിന്റെ മടങ്ങിവരവിൽ കുറാൻ ടീമിൽ നിന്നും പുറത്തായി.

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ ഇന്ത്യയെ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് തകര്‍ത്തത്. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ പൊരുതിനോക്കാന്‍ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. നോട്ടിംഗ്ഹാമില്‍ കൂടി വിജയിച്ച് പരമ്പര നേടാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. എന്നാല്‍ തിരിച്ചുവരാന്‍ ഒരുങ്ങിത്തന്നെയായിരിക്കും ഇന്ത്യ ഇറങ്ങുക. 18നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

മൂന്നാം ടെസ്റ്റിനുള്ള 13 അംഗ ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, മൊയീന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോവ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, അലസ്റ്റയര്‍ കുക്ക്, ബെൻ സ്റ്റോക്സ് , കീറ്റണ്‍ ജെന്നിംഗ്‌സ്, ഒലീ പോപ്പ്, ജെയ്മി പോര്‍ട്ടര്‍, ആദില്‍ റഷീദ്, ക്രിസ് വോക്‌സ്.