SHARE

ഇന്ത്യൻസൂപ്പർ ലീഗിലെ പോയ വാരത്തെ ഏറ്റവും മികച്ച ഗോളിനുള്ള‌ ആരാധക വോട്ടെടുപ്പിൽ ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ സ്റ്റൊജനോവിച്ച് ബഹുദൂരം മുന്നിൽ. എ ടി കെ യ്ക്കെതിരായ ആദ്യ മത്സരത്തിൽ സ്റ്റൊജനോവിച്ച് നേടിയ തകർപ്പൻ ഗോൾ 89.4 ശതമാനം വോട്ടുകൾ നേടിയാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. പൂനെയ്ക്കെതിരെ ഡെൽഹിയുടെ റാണ ഗരാമി നേടിയ മികച്ച ലോംഗ് റേഞ്ചർ ഗോളാണ് രണ്ടാം സ്ഥാനത്തുള്ളത്. 5.3 ശതമാനം വോട്ടുകളാണ് ഈ ഗോളിന് ലഭിച്ചിട്ടുള്ളത്.

നോർത്തീസ്റ്റിനെതിരെ ഗോവയുടെ ഫെറാൻ കോറോ നേടിയ ഗോൾ 2.1 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തും, ജംഷദ്പൂർ എഫ് സി ക്കെതിരെ, ബെംഗളൂരുവിന്റെ നിഷു കുമാർ കഴിഞ്ഞ ദിവസം നേടിയ ഗോൾ 1.7 ശതമാനം വോട്ടോടെ നാലാമതുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മുംബൈയുടെ പ്രഞ്ജാൽ ഭൂമിജ് നേടിയ ഗോളാണ് അഞ്ചാം സ്ഥാനത്തുള്ളത്. മത്സരത്തിൽ കേരളാ വിജയം നടഞ്ഞ ഈ ലോംഗ് റേഞ്ചർ ഗോളിന് പക്ഷേ 1.5 ശതമാനം പേരുടെ പിന്തുണ മാത്രമേയുള്ളൂ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അഞ്ചാംഎഡിഷൻ ഐ എസ് എല്ലിലെ ആദ്യ ആഴ്ചയിലെ മികച്ച ഗോളിനുള്ള‌ ഫാൻസ് അവാർഡ് ബ്ലാസ്റ്റേഴ്സ് താരം സ്റ്റൊജനോവിച്ചിന് തന്നെ ലഭിക്കും.