SHARE

ഐഎസ്എല്‍ കമന്ററിയിലൂടെ മലയാളികളുടെ ഹരമായി മാറിയ ഷൈജു ദാമോദരന് രാജ്യാന്തര തലത്തിലും പ്രശസ്തി. സോണി ചാനലിനുവേണ്ടി ലോകകപ്പ് കളി പറയുന്ന ഷൈജുവിന്റെ കമന്ററിയെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ തലവന്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

അന്താരാഷ്ട്ര മാധ്യമങ്ങളും അദേഹത്തെപ്പറ്റി പ്രത്യേക വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിലെ ഹാട്രിക്ക് ഗോളിന്റെ മലയാളം കമന്ററിയില്‍ ത്രില്ലടിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് വ്യക്തമാക്കിയത്. എനിക്ക് ഭാഷ മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷിലെയും ഹിന്ദിയിലെയും അപേക്ഷിച്ച് വശ്യമായ കമന്ററിയാണ് മലയാളത്തിലുള്ളത്. അത് ഹൃദ്യമായി തോന്നിയെന്നും’ ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ അറിയിച്ചു.

ഗ്രൗണ്ടിനും ഗ്യാലറിക്കും തീപിടിക്കുന്ന കളിയായ ഫുട്‌ബോളിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് മലയാളി ആരാധകര്‍ ഷൈജുവേട്ടന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഷൈജു ദാമോദരന്‍. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി തുടങ്ങിയ ഷൈജു ഇപ്പോള്‍ മുഴുവന്‍ സമയ കളി പറച്ചിലുകാരനാണ്. നിരവധി ആരാധകരാണ് കേരളത്തിലും പുറത്തുമായി അദേഹത്തിനുള്ളത്.