SHARE

ബാലൺ ദി ഓർ പുരസ്കാരനിശയ്ക്കിടെ ഫുട്ബോൾ ആരാധകർക്ക് ആവേശമായി മാറിയിരുന്നു കെയ്ലിന് എംബാപെയുമായുള്ള ഇതിഹാസതാരം ദിദിയർ ദ്രോബ്​ഗയുടെ സെൽഫി. എന്നാൽ ഈ സെൽഫിക്ക് പിന്നിൽ വലിയൊരു കഥയുണ്ട്. പത്ത് വർഷം പഴക്കമുള്ള കഥ. ദ്രോ​ഗ്ബ തന്നെയാണ് ഈ കഥ പറഞ്ഞത്.

2009-ലെ കുപ്രസിദ്ധമായ ചാമ്പ്യൻസ് ലീ​ഗ് സെമി രണ്ടാം പാദ മത്സരമാണ് കഥയുടെ പശ്ചാത്തലം. ബാഴ്സക്കെതിരായ മത്സരത്തിൽ അർഹമായ പെനാൽറ്റികൾ റഫറി അനുവദിച്ചില്ലെന്നാരോപിച്ച് ചെൽസി താരങ്ങൾ ഇടഞ്ഞത് അന്നായിരുന്നു. റെഫറിയുമായി ഉടക്കിയ ചെൽസി താരം ദ്രോബ്​ഗബയ്ക്ക് അന്ന് ചുവപ്പുകാർഡ് കിട്ടുകയും ചെയ്തു. ഈ മത്സരശേഷം ഒരു കുട്ടി അടുത്തുവന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ദ്രോ​ഗ്ബയോട് ചോദിച്ചിരുന്നു. എന്നാൽ ആ മത്സരത്തിലെ റെഫറി തീരുമാനങ്ങളോട് കലിപ്പിലായിരുന്ന ദ്രോ​ഗ്ബ അതിന് അനുവദിച്ചില്ല.

പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് ദ്രോ​ഗ്ബ മനസിലാക്കിയത് ഫോട്ടോ ചോദിച്ചുവന്ന പയ്യൻ എംബാപെയായിരുന്നു എന്ന്. ബലാൺ ദി ഓർ വേദിയിൽ ഈ കഥ ഓർത്തെടുത്തശേഷം, അന്നത്തെ കടം എനിക്ക് വീട്ടണമെന്ന് പറഞ്ഞ് ദ്രോ​ഗ്ബ എംബാപെയെ ചേർത്തുനിർത്തി ആ സെൽഫിയെടുക്കുകയായിരുന്നു. അവതാരകായായ സാൻഡി ഹെറിബർട്ടും സെൽഫിയിൽ ഒപ്പം കൂടി.

അതേസമയം തന്നെ ദ്രോ​ഗ്ബയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ തനിക്ക് നേരത്തെ അവസരം ലഭിച്ചിരുന്നെന്ന് എംബാപെയും വ്യക്തമാക്കി. ചെൽസിയിൽ ട്രെയൽസിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ദ്രോ​ഗബ്, ഫ്ലോറന്റ് മലൂദ എന്നിവർക്കൊപ്പം ചിത്രങ്ങളെടുത്തതെന്നാണ് എംബാപെ പറഞ്ഞത്.