SHARE

ലോകക്രിക്കറ്റിന് ഒരുപാട് മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് കരീബിയന്‍ ദ്വീപുകള്‍. ഇത്തരത്തില്‍ പുതുതലമുറയിലെ മില്യണ്‍ ഡോളര്‍ താരമാണ് ജോഫ്ര ആര്‍ച്ചര്‍ എന്ന യുവതാരം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായിറങ്ങിയ തന്റെ ആദ്യ മത്സരത്തില്‍ തന്നെ ആരാധകരുടെ താരമാകാന്‍ ഈ ഇരുപത്തിമൂന്നുകാരനായി. ഒരുഘട്ടത്തില്‍ വന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടിയത് ആര്‍ച്ചറിന്റെ നാലോവറുകള്‍ ആയിരുന്നു. വെറും 22 റണ്‍സ് വഴങ്ങി നാലു വിലപ്പെട്ട വിക്കറ്റുകളാണ് ഈ ബാര്‍ബഡോസുകാരന്‍ നേടിയത്.

വെസ്റ്റ് ഇന്‍ഡീസ് ജേഴ്‌സിയില്‍ ആര്‍ച്ചറെ അടുത്തുതന്നെ കാണാമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ആ ധാരണ തെറ്റാണ്. തനിക്ക് ഇംഗ്ലീഷ് ജേഴ്‌സിയില്‍ കളിക്കാനാണ് താല്പര്യമെന്ന് ഈ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇംഗ്ലീഷുകാരനാണ് ആര്‍ച്ചറിന്റെ അച്ഛന്‍. അതുകൊണ്ട് തന്നെ പിതാവിന്റെ നാടിനായി കളിക്കുകയാണ് താരത്തിന്റെ ആഗ്രഹം. ഏവരെയും ഞെട്ടിച്ചു കൊണ്ടു ഇക്കഴിഞ്ഞ താരലേലത്തില്‍ 7.2 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

മിന്നല്‍ വേഗത്തില്‍ പന്തെറിയുന്നതിനൊപ്പം അവസാന ഓവറുകള്‍ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ് ആര്‍ച്ചര്‍. ഈ സീസണിലെ ബിഗ് ബാഷ് ലീഗില്‍ 12 മല്‍സരങ്ങല്‍ നിന്നും 16 വിക്കറ്റെടുക്കാന്‍ താരത്തിനായിരുന്നു. 2013ല്‍ വെസ്റ്റിന്‍ഡീസിന്റെ അണ്ടര്‍ 19 ടീമില്‍ കളിച്ചിരുന്നു ആര്‍ച്ചര്‍. പിന്നീട് ഇംഗ്ലണ്ടിലേക്ക് തട്ടകം മാറ്റുകയായിരുന്നു. ഇതുവരെ 36 ട്വന്റി-20 ഇന്നിംഗ്‌സുകളില്‍ നിന്ന് 44 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളര്‍ നേടിയിട്ടുള്ളത്.