SHARE

ഇന്ത്യന്‍ ഫുട്‌ബോളിനെ ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയ ഒരു ക്ലബുണ്ട്. ഐഎസ്എല്ലിലെ വമ്പന്മാരുടെ ക്ലബല്ല. അങ്ങ് കാശ്മീരില്‍ ഫുട്‌ബോള്‍ ഭ്രാന്ത് തലയില്‍ കയറി ഒരു യുവാവ് ആരംഭിച്ച ടീമിന്റെ കഥയാണത്. ക്ലബിന്റെ പേര് റിയല്‍ കാഷ്മീര്‍ എഫ്‌സി. ഇപ്പോള്‍ ഐലീഗില്‍ തരംഗമായ ക്ലബ്. ഒരു പത്രത്തിന്റെ ഓഫീസില്‍ നിന്ന് തുടങ്ങിയ ആ ടീമിന്റെ കഥയിങ്ങനെ

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ നിന്നു പഠനം കഴിഞ്ഞ് ജന്മാനാട്ടില്‍ തിരിച്ചെത്തിയ ഷമീം മെഹ്‌റാജ് എന്ന യുവാവാണ് കാഥാനായകന്‍. തന്റെ നാടിനായി എന്തു ചെയ്യാമെന്ന ആലോചനയില്‍ വിരിഞ്ഞതാണ് ഫുട്‌ബോള്‍ ക്ലബ്ബെന്ന ആശയം. 2015ല്‍ തന്റെ ഡല്‍ഹി സുഹൃത്തുക്കളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് അദേഹം റിയല്‍ കശ്മീര്‍ ക്ലബ് തുടങ്ങുന്നത്. തുടക്കം അത്ര സുഖകരമായിരുന്നില്ല. സ്‌പോണ്‍സര്‍മാരെ പോലും കിട്ടിയില്ല.

ആദ്യ സീസണില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ പിറ്റേവര്‍ഷം ഡ്യൂറന്റ് കപ്പില്‍ മത്സരിക്കാന്‍ ക്ലബിനോട് അധികൃതര്‍ ആവശ്യപ്പെടുന്നു. കളിയൊന്നും ജയിച്ചില്ലെങ്കിലും മനംകവര്‍ന്നാണ് അന്ന് ക്ലബ് മടങ്ങിയത്. ഈ വര്‍ഷം ആദ്യം രണ്ടാംഡിവിഷന്‍ ഐലീഗില്‍ ഹിന്ദുസ്ഥാന്‍ എഫ്‌സിയെ നിര്‍ണായക മത്സരത്തില്‍ കീഴടക്കി ഐലീഗിനും യോഗ്യത നേടി. ലോകമെങ്ങും ഇപ്പോള്‍ വലിയ ആരാധകക്കൂട്ടമുണ്ട് ഈ ക്ലബിന് ഇപ്പോള്‍. ആദ്യ ഐലീഗ് ഹോംമാച്ചിന് എത്തിയത് പതിനായിരത്തില്‍ അധികം ആരാധകരാണ്.