SHARE

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പതിനാലാം സീസൺ ഐപിഎല്ലിൽ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണെന്ന തരത്തിൽ വിരാട് കോഹ്ലിക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ രംഗത്ത്. സ്ട്രൈക്ക്റേറ്റ് ഓവർ റേറ്റഡ് കാര്യമാണെന്നും കോഹ്ലി, മാക്സ്‌വെല്ലിനെപ്പോലെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്ന ഗംഭീർ, കോഹ്ലി തന്റെ സ്വാഭാവിക കളിയാണ് കാഴ്ച വെക്കുന്നതെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്ട്രൈക്ക് റേറ്റുകൾ ഓവർറേറ്റഡ് കാര്യമാണ്. കോഹ്ലിക്ക് 600 റൺസുള്ള സീസണുണ്ടാകുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. എന്നാൽ മാക്സ്‌വെല്ലിൽ നിന്ന് നിങ്ങൾക്കത് പ്രതീക്ഷിക്കാനാവില്ല. മാക്സ്‌വെൽ 120-125 സ്ട്രൈക്ക് റേറ്റിലോ, കോഹ്ലി 160 സ്ട്രൈക്ക് റേറ്റിലോ ബാറ്റ് ചെയ്യുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. അവ രണ്ടും വ്യത്യസ്തമാണ്. വ്യത്യസ്ത സ്കില്ലുകളുടെ സംയോജനമാണ് ഒരു ടീമിനെ വിജയകരമാക്കുന്നത്.” ഗംഭീർ പറഞ്ഞു നിർത്തി.

അതേ സമയം പതിനാലാം എഡിഷൻ ഐപിഎല്ലിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് കോഹ്ലിയുടേത്. സീസണിൽ ഇതു‌വരെ കളിച്ച 13 മത്സരങ്ങളിൽ 30.16 ബാറ്റിംഗ് ശരാശരിയിൽ 362 റൺസ് നേടിയ കോഹ്ലിയുടെ ഈ വർഷത്തെ സ്ട്രൈക്ക് റേറ്റ് 121.47 ആണ്.