SHARE

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐ പി എല്‍ മത്സരത്തില്‍ യുസ്‌വേന്ദ്ര ചാഹലിന്റെ ഒരോവറില്‍ ആദ്യ മൂന്നു പന്തുകളും സിക്‌സറിന് പറത്തിയിരുന്നു മുംബൈ ഇന്ത്യന്‍സ് താരം യുവരാജ് സിംഗ്. ചഹലിനെ നാലാം പന്തും സിക്‌സറടിക്കാന്‍ ശ്രമിച്ച് യുവരാജ് പുറത്താവുകയും ചെയ്തു. മത്സരത്തിന് ശേഷം താന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആവുകയാണോയെന്ന് തോന്നിപ്പോയി എന്ന് ചഹല്‍ മാധ്യമങ്ങളോട് തമാശ പങ്കിട്ടിരുന്നു.

2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് ഒരു ഓവറില്‍ ആറു സിക്‌സറുകള്‍ നേടിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചഹലിന്‍റെ പരാമര്‍ശം. എന്നാല്‍ സംഭവത്തില്‍ ചഹലിന് മറുപടി നല്‍കിയിരിക്കുകയാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. തന്നെ പോലെ 10 വര്‍ഷത്തിനുള്ളില്‍ ചഹലിന് 437 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു എന്നായിരുന്നു ബ്രോഡ് ഇന്‍സ്റ്റഗ്രാമില്‍ മറുപടി നല്‍കിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ ചഹല്‍ അരങ്ങേറിയിട്ടില്ല.